Top

'അനിയന്‍ ബാവ ചേട്ടന്‍ ബാവ'; കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നെന്ന് യുഡിഎഫ്

20 Sep 2021 8:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനിയന്‍ ബാവ ചേട്ടന്‍ ബാവ; കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നെന്ന് യുഡിഎഫ്
X

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് തുടക്കം. വൈദ്യുതി, ഇന്ധന വില വര്‍ദ്ധനവ് പിന്‍വലിക്കുക, ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള മൊഴി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പ്രക്ഷോഭം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

യുഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മുതല്‍ സംഘടിപ്പിച്ച ധര്‍ണ്ണ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കൂനില്‍മേല്‍ കുരു പോലെയാണു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചക വാതകത്തിനും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഭായി ഭായി സമീപനമാണെന്ന് ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി.

സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും കേന്ദ്രവും അനിയന്‍ ബാവ ചേട്ടന്‍ ബാവ പോലെയാണ്. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബി ജെ പി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുന്നു. കേരളത്തിലും അതുപോലെയാണ്. എല്ലാം അഴിമതിയാണ്. മുട്ടില്‍ മരംമുറിയുമായി അന്വേഷണം തുടര്‍ന്നാല്‍ അത് മുഖ്യമന്ത്രിയിലെത്തും. തെളിവുകള്‍ മാധ്യമങ്ങളുടെ കൈയ്യിലുണ്ടെന്നറിയാം. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്കു പിന്നിലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. നാല് വര്‍ഷം കൂടെ നടന്ന സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കറിയില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ജനക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട ഗവണ്‍മെന്റ് നികുതിയും വിലവര്‍ദ്ധനവുമുണ്ടാക്കി ജനങ്ങളെ കഷ്ടപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല. മൂന്ന് സംഭവങ്ങളിലൂടെ ജനങ്ങളുടെ ജീവിതഭാരം എത്രമാത്രം വര്‍ദ്ധിച്ചുവെന്ന് നാം നോക്കേണ്ടതുണ്ട്. ഇത്രയും ഭീമമായി വൈദ്യുത നിരക്ക് വര്‍ദ്ധിച്ച ഒരു കാലഘട്ടവുമുണ്ടാവില്ല. 11.4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. യൂണിറ്റ് ഒന്നിന് 25 പൈസ മുതല്‍ 40 പൈസ വരെയാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. കറന്റ് വില കൂടുന്നതനുസരിച്ച് ഡിപ്പോസിറ്റ് കൂടും. ഒരുമാസത്തെ വൈദ്യുതി നിരക്കിന്റെ മൂന്നിരട്ടിയായാണ് ഡിപ്പോസിറ്റ് കൊടുക്കേണ്ടി വരുന്നത്. വൈദ്യുതി ബോര്‍ഡ് എന്ന് പറയുന്നത് അഴിമതിയുടെയും കെടുക്കാര്യസ്ഥതയുടെയും സ്ഥിരാകേന്ദമാണെും ഇത്രയും വലിയ അഴിമതിയും, സ്വജനപക്ഷപാതവും,ദൂര്‍ത്തും നടക്കുന്ന മറ്റൊരു സര്‍ക്കാരിനെ കാണാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധന നികുതിയില്‍ സര്‍ക്കാറുകള്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണെന്ന് ശശി തരൂര്‍ എംപി ആരോപിച്ചു.

Next Story

Popular Stories