Top

ഐഎന്‍എല്ലില്‍ ഭിന്നത തുടരുന്നു; മധ്യസ്ഥശ്രമത്തില്‍ നിന്നും കാന്തപുരം എപി വിഭാഗം പിന്മാറി; സിപിഐഎം നിലപാട് നിര്‍ണായകം

20 Aug 2021 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്ലില്‍ ഭിന്നത തുടരുന്നു; മധ്യസ്ഥശ്രമത്തില്‍ നിന്നും കാന്തപുരം എപി വിഭാഗം പിന്മാറി; സിപിഐഎം നിലപാട് നിര്‍ണായകം
X

ഐഎന്‍എല്ലിലെ ആഭ്യന്തര കലഹം തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമം നടത്തിയ സമസ്ത കാന്തപുരം എപി വിഭാഗത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എപി. അബ്ദുല്‍ വഹാബ് പക്ഷം മുന്നോട്ട് വച്ച സമവായ നിര്‍ദേശങ്ങളോട് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറു വിഭാഗം അടുക്കാത്തതാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. പിന്നാലെ കാന്തപുരം എപി വിഭാഗം നടപടികളില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു. ഇതോടെ ഇടത് മുന്നണിയിലേതുള്‍പ്പെടെയുള്ള ഐഎന്‍എല്ലിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ സിപിഐഎം നിലപാട് നിര്‍ണായകമാവും.

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി ഇടപെട്ടായിരുന്നു ഐഎന്‍എല്‍ തര്‍ക്ക പരിഹാര ശ്രമങ്ങള്‍ക്ക് ഇടപെട്ടത്. എറണാകുളത്ത് പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ പരസ്യമായി തമ്മിലടിച്ചതിന് പിന്നാലെ ആയിരുന്നു ഇടപെടല്‍. ഡോ. അബ്ദുല്‍ ഹഖീം അസ്ഹരിയുടെ നേതൃത്വത്തില്‍ രണ്ട് തവണ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ സ്ഥിതി പാര്‍ട്ടിയില്‍ നില തുടരുക. ഇരു പക്ഷത്ത് നിന്നും അഞ്ചു പേരടങ്ങുന്ന പത്തംഗ സമിതി അംഗത്വത്തിന് മേല്‍നോട്ടം വഹിക്കുക. അംഗത്വ പ്രവര്‍ത്തനത്തിന് മൂന്നുമാസത്തെ സാവകാശം നല്‍കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കാസിം ഇരിക്കൂറും പ്രസിഡന്റ് സ്ഥാനത്ത് നിന്നും അബ്ദുല്‍ വഹാബും വിട്ട് നില്‍ക്കാമെന്ന് ഉള്‍പ്പെടെയായിരുന്നു വഹാബ് പക്ഷം രേഖാമൂലം അസ്ഹരിക്ക് നല്‍കിയ ഉറപ്പുകള്‍. എന്നാല്‍, ജൂലൈ 25ന് മുമ്പത്തെ സ്ഥിതി നിലനിര്‍ത്തുകയെന്ന നിര്‍ദേശത്തോട് യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു കാസിം വിഭാഗത്തിന്റെ വാദം. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

പിളര്‍ന്ന് നില്‍ക്കുന്ന ഐഎന്‍എല്ലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിപിഐഎമ്മിനും ഇടത് മുന്നണിയ്ക്കും ഉള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയും മുന്നണി നേതൃത്വം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി വരാനിരിക്കുന്ന എല്‍ഡിഎഫ് യോഗത്തിലേക്ക് ഐഎന്‍എല്ലിനെ വിളിക്കുകയും ചെയ്തിട്ടില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോലും എല്‍ഡിഎഫ് നേതൃത്വം ഐഎന്‍എല്ലിനെ പരിഗണിച്ചിരുന്നില്ല.

Next Story

Popular Stories