Top

'ഇഷ്ടക്കാരെ തിരുകി കയറ്റി, തെരഞ്ഞെടുപ്പ് കണക്ക് അവശ്യപ്പെട്ട ട്രഷററെ നീക്കി'; ബിജെപി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു

6 Oct 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഷ്ടക്കാരെ തിരുകി കയറ്റി,  തെരഞ്ഞെടുപ്പ് കണക്ക് അവശ്യപ്പെട്ട ട്രഷററെ നീക്കി; ബിജെപി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു
X

കേരള ബിജെപി നേതൃത്വത്തില്‍ നടപ്പാക്കിയ അഴിച്ചുണിയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണ് എന്നാണ് ആക്ഷേപം. മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് പക്ഷമാണ് പുതിയ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയത്.

കെ സുരേന്ദ്രന്‍ സംസ്ഥാന ബിജെപി അധ്യക്ഷനായി തുടരുന്നതില്‍ കൃഷ്ണദാസം പക്ഷം അതൃപ്തി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ അവലോകന റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരാതി ഉയര്‍ന്നത് കെ സുരേന്ദ്രന് എതിരെയാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കണക്ക് ആവശ്യപ്പെട്ടതാണ് ജെ ആര്‍ പത്മകുമാറിനെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇടയാക്കിയതെന്നും കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു. സംസ്ഥാന നേതൃത്വം സ്വന്തം ഇഷ്ടക്കാരെ ഭാരവാഹിപ്പട്ടികയില്‍ തിരുകി കയറ്റിയെന്നും എതിര്‍ വിഭാഗത്തിന് ആക്ഷേപമുണ്ട്.

ചൊവ്വാഴ്ചയാണ് സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ച് കൊണ്ടുള്ള പട്ടിക പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധ്യക്ഷനെയും ജനറല്‍ സെക്രട്ടറിമാരെയും മാറ്റാതെ ആയിരുന്നു പുനഃസംഘടന.

ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കിയും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിക്കൊണ്ടും പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണന്‍, ശിവന്‍കുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചുമായിരുന്നു ബിജെപിയിലെ പുനഃസംഘടന. പത്തനംതിട്ട, കോട്ടയം, പാലക്കാട്. വയനാട്, കാസറഗോഡ്, ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെ സുരേന്ദ്രന് തിരിച്ചടിയാണെന്നും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ലാതെയാണ് കേരള ബിജെപിയില്‍ പുനഃസംഘടന. വനിതാ നേതാവ് ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷണനും വൈസ് പ്രസിഡന്റുമാരായി തുടരും. ഇ കൃഷ്ണകുമാര്‍ ആണ് പുതിയ ട്രഷറര്‍.

Next Story

Popular Stories