Top

താരിഖ് അന്‍വറിന്റെ അനുനയ നീക്കം ഫലത്തിലെത്തിയില്ല; ഡിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍

21 Aug 2021 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താരിഖ് അന്‍വറിന്റെ അനുനയ നീക്കം ഫലത്തിലെത്തിയില്ല; ഡിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍
X

മുതിര്‍ന്ന നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ ഡിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍. തര്‍ക്കങ്ങള്‍ ഇല്ലാതെ ഭാരവാഹികളെ നിശ്ചയിക്കാനാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിച്ചതിനു ശേഷം മാത്രമാകും പട്ടിക പ്രഖ്യാപിക്കുക.


എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ അനുനയ നീക്കം പൊളിഞ്ഞതോടെയാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ നിയമനം അനിശ്ചിതത്വത്തിലായത്.
കൂടിയാലോചനകള്‍ ഇല്ലാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കൈമാറിയ പട്ടിക അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. ഇതോടെ ഓണത്തിന് മുമ്പ് പട്ടിക പ്രഖ്യാപിക്കാനുള്ള കെപിസിസി നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും നീക്കം പൊളിഞ്ഞത്.

രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യവും പരിഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന പരാതിയാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സുധീരനും അടക്കം പട്ടികയ്‌ക്കെതിരെ രംഗത്തിറങ്ങിയതോടെയാണ് സോണിയ ഗാന്ധി ഇടപെട്ട് തര്‍ക്കം തീര്‍ക്കാന്‍ താരിഖിന് നിര്‍ദ്ദേശം നല്‍കിയത്. താരീഖ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും വിളിച്ചെങ്കിലും ഇരുനേതാക്കളും വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് മറുപടി നല്‍കി.

സുധാകരന്‍ കൈമാറിയ പട്ടികയില്‍ കെ.സി വേണുഗോപാലിന്റെ വിശ്വസ്തര്‍ക്ക് മാത്രമേ പരിഗണന ലഭിച്ചിട്ടുള്ളൂ എന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. ഗ്രൂപ്പ് പ്രരിഗണിക്കാതെ പ്രവര്‍ത്തന മികവ് പരിഗണിച്ച് ഭാരവാഹികളെ നിശ്ചയിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എല്ലാം കാറ്റില്‍പറത്തിയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും സുധാകരനും ചേര്‍ന്ന് സാധ്യതാപട്ടിക തയ്യാറാക്കിയതെന്ന ആരോപണവും മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ പിണക്കാതെ ഭാരവാഹികളെ പെട്ടെന്നുതന്നെ നിയമിക്കണമെന്ന നിര്‍ദ്ദേശമാണ് ഒടുവില്‍ സോണിയ ഗാന്ധി താരീഖിന് നല്‍കിയിരിക്കുന്നത്.


Next Story

Popular Stories