Top

'പ്രസിഡണ്ടാവാന്‍ കഴിയാത്തത്‌കൊണ്ടാവും പൊട്ടിത്തെറിച്ചത്'; അനില്‍കുമാറിനെതിരെ നിയുക്ത പാലക്കാട് ഡിസിസി അധ്യക്ഷന്‍

കോണ്‍ഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കുമെന്നും അനില്‍ കുമാര്‍

29 Aug 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രസിഡണ്ടാവാന്‍ കഴിയാത്തത്‌കൊണ്ടാവും പൊട്ടിത്തെറിച്ചത്; അനില്‍കുമാറിനെതിരെ നിയുക്ത പാലക്കാട് ഡിസിസി അധ്യക്ഷന്‍
X

പാലക്കാട് ഡിസിസി പ്രസിഡന്റായതിനു പിന്നാലെ കെ പി അനില്‍കുമാറിനെതിരെ വിമര്‍ശനവുമായി എ തങ്കപ്പന്‍. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആകാന്‍ കഴിയാത്തത് കൊണ്ടാവും അനില്‍ പൊട്ടിതെറിച്ചതെന്ന് എ തങ്കപ്പന്‍ പറഞ്ഞു. എല്ലാവരെയും കൂട്ടി ഇണക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസിസി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനമായിരുന്നു അനില്‍കുമാര്‍ ഉയര്‍ത്തിയത്. വിഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്ന് പറഞ്ഞ അനില്‍ കുമാര്‍ ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥാണിതെന്നും ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും പരസ്യമായി ചോദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കുമെന്നും അനില്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി.
''ഇപ്പോള്‍ കേള്‍ക്കുന്ന പട്ടിക സത്യമാണെങ്കില്‍ ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ലൂ ആയിരിക്കും. ഒരു തര്‍ക്കവുമില്ല. ഗ്രൂപ്പായിരിക്കില്ല മാനദണ്ഡം എന്ന് നേരത്തെ നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുള്ളവരാണ്. ഇപ്പോള്‍ പട്ടികയിലുള്ളവരുടെ ക്വാളിറ്റിയെന്താണ്. എന്താണ് ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാനുള്ള യോഗ്യത. ഇവരൊക്കെ നുണ പറയുകയാണ്. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥാണിത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുവാനുള്ള തീരുമാനമായി മാറുമെന്ന് ഉറപ്പാണ്. പലരും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവാന്‍ നില്‍ക്കുന്നുവെന്നാണ് വിവരം. അത് കോണ്‍ഗ്രസിന് എത്ര ദോഷകരമാണെന്ന് നേതൃത്വം മനസിലാക്കണം. ഇതിനകത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ല. നിങ്ങള്‍ ചെയ്യുന്നത് സത്യസന്ധമാണെങ്കില്‍, നിതീയുക്തമല്ലെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം നിങ്ങള്‍ ചെയ്യുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യം ആണെങ്കില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്ന ബുദ്ധിയും ബോധവും നിങ്ങള്‍ക്കുണ്ടെങ്കില്‍ നാളെകളില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിക്കും. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കും' എന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. പിന്നാലെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
പാലക്കാട്ഗ്രൂപ്പ് സമവാക്യങ്ങള്‍ ശക്തമായതിനാല്‍ തന്നെ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ കൂട്ടിയിണക്കി മുന്നോട്ടു പോകുകയെന്ന പ്രതിസന്ധിയാണ് പാലക്കാട് എ തങ്കപ്പന്റെ മുമ്പിലുള്ളത്. മുന്‍ കെ.എസ്.യു ജില്ല പ്രസിഡന്റ് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. മുന്‍ പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ ഏ തങ്കപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.

Next Story

Popular Stories