Top

'ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങള്‍ അസത്യം, വാസ്തവ വിരുദ്ധം'; 'ഇതാണ് ആ രേഖ'; ഡയറി ഉയര്‍ത്തിക്കാട്ടി കെ സുധാകരന്‍

രണ്ടു പേര്‍ നിശ്ചയിച്ചിരുന്ന തീരുമാനം മറ്റൊരു സംഘം എടുക്കുമ്പോള്‍ ഉണ്ടാകുന്ന അതൃപ്തിയാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍

29 Aug 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങള്‍ അസത്യം, വാസ്തവ വിരുദ്ധം; ഇതാണ് ആ രേഖ; ഡയറി ഉയര്‍ത്തിക്കാട്ടി കെ സുധാകരന്‍
X

ഡിസിസി പട്ടികയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടികാ പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറിയ്ക്കും ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഡിസിസി പട്ടികയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ നിലപാടില്‍ വിഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനങ്ങളെ പാടെ തള്ളിയ കെ സുധാകരന്‍ അദ്ദേഹം തനിക്ക് മുന്നില്‍ വച്ച പേരുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

രണ്ട് തവണ ഉമ്മന്‍ ചാണ്ടിയുമായും, രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പതിനാല് ജില്ലകളിലേക്കും പാനല്‍ നിര്‍ദേശിച്ചിരുന്നു. അതില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ പട്ടികയില്‍ ഉള്ളത്. അദ്ദഹം പേരുകള്‍ എഴുതി തന്നിട്ടില്ല എന്നത് ശരിയാണ്. രമേശ് ചെന്നിത്തല തരാം എന്ന പറഞ്ഞ പട്ടിക തന്നില്ല. ഇക്കാരം വിഡി സതീശന്‍ ചോദിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദങ്ങളെ 'അസത്യം, വാസ്തവ വിരുദ്ധം, തെറ്റ്' എന്നായിരുന്നു കെ സുധാകരന്‍ വിമര്‍ശിച്ചത്.

ഉള്‍പാര്‍ട്ടി ചര്‍ച്ച അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ വിഷയത്തിലും ചര്‍ച്ച നടക്കും. സമൂലമായ പരിവര്‍ത്തനം ആണ് ഡിസിസി പട്ടികയില്‍ ഉണ്ടായത്. എന്നിട്ടും ഉയര്‍ന്നത് ചെറിയ ചര്‍ച്ചയാണ്. പ്രതികരിച്ചത് കുറഞ്ഞ ആളുകള്‍മാത്രമാണ്. വലിയൊരു മാറ്റം കൊണ്ടുവന്നിട്ടും ഇത്രയും വിമര്‍ശനം മാത്രമെങ്കില്‍ ആ തീരുമാനത്തിന്റെ മെറിറ്റ് വിലയിരുത്തണം. ഇതിനേക്കാള്‍ വലിയ പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ തനിക്ക് സംസാരിക്കാനുള്ളത് സംസാരിക്കാനുള്ളത് സാധാരണ പ്രവര്‍ത്തകരോടാണ്. ഇന്ത്യയെ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശിവദാസന്‍ നായര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം ഇന്നലെ നടത്തിയ പ്രസ്താവന വ്യക്തമാണ്. അപ്പോള്‍ വിശദീകരണം വേണ്ട. അവ്യക്തമെങ്കിലേ വിശദീകരണം ചോദിക്കേണ്ട സാഹചര്യമുള്ളു എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ ബാബു പ്രസാധിനെ മുന്നോട്ട് വച്ചത് കെ സി വേണുഗോപാലാണ്. അഭിപ്രായങ്ങള്‍ കേട്ടാണ് തീരുമാനം എടുത്തത്. മുന്നിലുള്ള വലിയ ലക്ഷ്യം മാത്രമാണ് പരിഗണിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ നേതാക്കള്‍ക്ക് എതിരെ ഇപ്പോള്‍ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി താല്‍ക്കാലികമാണ്. വിശദീകരണം കേട്ട ശേഷം മറ്റ നടപടി. ഭീഷണിപ്പെടുത്തി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ല. എന്നാല്‍ അച്ചടക്കം ഇല്ലാതെ മുന്നോട്ട് പോവില്ല. പരസ്യ പ്രതികരണം ഉണ്ടായില്‍ ഇനിയും നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പട്ടിക ഗ്രൂപ്പുകള്‍ക്ക് അതീതമാണ് എന്നത് കൊണ്ടാണ്. രണ്ടു പേര്‍ നിശ്ചയിച്ചിരുന്ന തീരുമാനം മറ്റൊരു സംഘം എടുക്കുമ്പോള്‍ ഉണ്ടാകുന്ന അതൃപ്തിയാണ് പരാമര്‍ശത്തിന് പിന്നില്‍. പാര്‍ട്ടില്‍ പുതിയ ഒരു ഗ്രൂപ്പും പുതിയതായിട്ടില്ല. അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. എന്റെ കൂടെയല്ല പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് തന്നെ പിന്തുണയ്ച്ച് വരുന്നവരോട് ആവശ്യപ്പെടുക. ഗ്രൂപ്പിന്റെ പുറത്തുള്ള കഴിവുള്ള പ്രവര്‍ത്തകര്‍ നേതൃത്വത്തിലേക്ക് വരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രൂപ്പുകളുടെ ഇടപെടല്‍ ഇപ്പോള്‍ നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. എവി ഗോപിനാഥുമായി സംസാരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ആരോപണം ശരിയല്ല. വനിതകള്‍ മറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടും. എത് പാര്‍ട്ടിക്കാണ് വനിതാ നേതാവുള്ളത് എന്നും കെ സുധാകരന്‍ ചോദിച്ചു. പുതിയ അധികാര ചേരിയില്ല. മുന്‍ കാല നേതാക്കളെ അടിച്ചമര്‍ത്തുന്നു എന്ന വാദം ശരിയല്ല. അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ് എന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Next Story

Popular Stories