Top

'എന്നാല്‍ ഉണ്ണിത്താനെതിരെയും വേണം'; കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് ഏകപക്ഷീയ അച്ചടക്ക നടപടിയെന്ന് ഗ്രൂപ്പുകള്‍

വിവാദങ്ങളും ഭിന്നതയും പരിഹരിക്കാനുള്ള മാര്‍ഗം സംഘടനാ തെരഞ്ഞെടുപ്പ് ആണെന്നും ഗ്രൂപ്പുകള്‍

1 Sep 2021 3:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നാല്‍ ഉണ്ണിത്താനെതിരെയും വേണം; കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് ഏകപക്ഷീയ അച്ചടക്ക നടപടിയെന്ന് ഗ്രൂപ്പുകള്‍
X

ഡിസിസി അധ്യക്ഷ നിയമനങ്ങളെ ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് പിന്നാലെ ഉണ്ടായ അച്ചടക്ക നടപടിയിലും ഇരട്ട നീതിയെന്ന് ഗ്രൂപ്പുകള്‍. പരസ്യ പ്രതികരണത്തില്‍ നേതാക്കള്‍ക്ക് എതിരെ ഉണ്ടായ നടപടി പോലും പക്ഷ പാതപരമാണ് എന്നാണ് പ്രബല ഗ്രൂപ്പുകളുടെ ആരോപണം.

കെസി വേണുഗോപാലിനെതിരെ ആരോപണമായി രംഗത്ത് എത്തിയ പി എസ് പ്രശാന്തിനെതിരായ നടപടിയാണ് ഉദാഹരണായി ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. അച്ചടക്ക നടപടിയുടെ പേരില്‍ പ്രശാന്തിനെ പുറത്താക്കിയപ്പോള്‍ സമാനമായ നിലപാട് സ്വീകരിച്ച കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ നടപടിയില്ലാത്തത് ഇരട്ട നീതിയാണ് എന്നാണ് ആക്ഷേപം. പുനഃസംഘടനയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണം. കെ സി വേണുഗോപാലിനെ പോലെ തന്നെ എഐസിസി അംഗമാണ് ഉമ്മന്‍ ചാണ്ടിയെന്നുമാണ് ഗ്രൂപ്പുകളുടെ ഓര്‍മ്മപ്പെടുത്തല്‍.

അതേസമയം, ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളും ഭിന്നതയും പരിഹരിക്കാനുള്ള മാര്‍ഗം സംഘടനാ തെരഞ്ഞെടുപ്പ് ആണെന്നും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോള്‍ എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. തെരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രബലര്‍ ആരെന്ന് വ്യകമാകും. ഈ സഹാചര്യം കഴിവുള്ളവരെ നേതൃത്വത്തിലേക്ക് എത്തിക്കുമെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്നും ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പടുന്നു.

അതിനിടെ, കോണ്‍ഗ്രസില്‍ പുതിയ ഒരു നേതൃത്വം ഉയര്‍ന്നു വരുമ്പോള്‍ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് വ്യാപരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മാറ്റത്തിന്റെ സമയമാണെന്നും ഇനി അനുനയത്തിനും, സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഹൈക്കാന്‍ഡും നിലപാട് കര്‍ശനമാക്കുമ്പോള്‍ അധികാര കേന്ദ്രത്തിന് ഒപ്പം നില്‍ക്കാനാണ് പഴയ ഗ്രൂപ് അനുഭാവികളുടെ നിലപാട്. എന്നാല്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ക്കൊപ്പം പുതിയവിഭാഗങ്ങളും പാര്‍ട്ടിക്ക് ഉള്ളില്‍ രൂപം കൊള്ളുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പുതിയ സാഹചര്യത്തില്‍ ഇതിനോടകം തന്നെ എ, ഐ ഗ്രൂപ്പുകളില്‍നിന്നുള്ള പല പ്രമുഖരും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പിന്തുണയ്ക്കുന്ന നിലയിലെത്തി. ഇതോടെ എ.കെ. ആന്റണി കെ. കരുണാകരന്‍ അധികാര കേന്ദ്രത്തിന് ശേഷം ഗ്രൂപ്പുകളെ നിയന്ത്രിച്ച ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല പക്ഷങ്ങള്‍ക്ക് പുറമെ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെതായി പുതിയ ഗ്രൂപ്പ് കരുത്താര്‍ജ്ജിക്കുന്നു എന്നും ആരോപണങ്ങളുണ്ട്.

Next Story

Popular Stories