Top

നേതാക്കള്‍ക്ക് ഭൂമാഫിയയുമായും ബ്ലേഡുകാരുമായും അവിശുദ്ധ ബന്ധം; പ്രവര്‍ത്തകര്‍ സിപിഐഎം വിടുന്നു

വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക പാര്‍ട്ടി സിപിഐ ആണെന്ന തിരിച്ചറിവാണ് പാര്‍ട്ടി വിടാനുള്ള കാരണം

2 Aug 2021 2:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതാക്കള്‍ക്ക് ഭൂമാഫിയയുമായും ബ്ലേഡുകാരുമായും അവിശുദ്ധ ബന്ധം;  പ്രവര്‍ത്തകര്‍ സിപിഐഎം വിടുന്നു
X

പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത രൂക്ഷമായതോടെ സിപിഐഎമ്മില്‍ നിന്നും 35ഓളം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന് ഞെട്ടലുണ്ടായിരിക്കുന്നത്. മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാര്‍ട്ടിവിട്ടത്. സിപിഐഎം നേതാക്കള്‍ക്ക് ഭൂമാഫിയ, ബ്ലേഡ് പലിശക്കാര്‍, അഴിമതിക്കാര്‍ തുടങ്ങിയവരുമായി അവിശുദ്ധ ഇടപാടുകളുണ്ടെന്നാണ് പാര്‍ട്ടിവിട്ട പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക പാര്‍ട്ടി സിപിഐ ആണെന്ന തിരിച്ചറിവാണ് പാര്‍ട്ടിവിടാനുള്ള തീരുമാനത്തിന് വഴിതെളിച്ചതെന്നും ഈ പ്രവര്‍ത്തകര്‍ പറയുന്നു. മനോരമ ന്യൂസിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

സിപിഐയ്ക്ക് പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സിപിഐഎം വിട്ട പ്രവര്‍ത്തകരുടെ കാഴ്ചപ്പാട്. സിപിഐഎമ്മില്‍ നിന്ന് മാത്രമല്ല വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ സിപിഐയിലേക്കെത്തും. പെരിങ്ങോട്ടുശ്ശേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന കെപി ശശികുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നത്.

സിപിഐഎം നേതാക്കള്‍ അഴിമതിയ്‌ക്കൊപ്പം ഭൂമാഫിയയുടെ ഇടപാടുകാരുമായി മാറുന്നുവെന്നാണ് പാര്‍ട്ടിവിട്ട നേതാക്കള്‍ ആരോപിക്കുന്നത്. പ്രാദേശിക നേതാക്കള്‍ ഇതെല്ലാം പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെടാത്തതിലുള്ള അതൃപ്തിയാണ് പ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന് പാര്‍ട്ടിവിടാന്‍ കാരണമായത്.


Next Story

Popular Stories