Top

'ഇത് യാദൃശ്ചികമല്ല'; റിയാസിനെതിരായ ഷംസീറിന്റെ വിമർശനത്തിൽ സിപിഐഎമ്മിന് അതൃപ്തി

16 Oct 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് യാദൃശ്ചികമല്ല; റിയാസിനെതിരായ ഷംസീറിന്റെ വിമർശനത്തിൽ സിപിഐഎമ്മിന് അതൃപ്തി
X

എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ അടുത്തേക്ക് വരരുതെന്ന മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തിനെതിരെ നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീര്‍ വിമര്‍ശനമുന്നയിച്ചതില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനം യാദൃശ്ചികമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പാര്‍ട്ടി നയം തന്നെയാണ് സഭയില്‍ റിയാസ് പറഞ്ഞതെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഇന്നലെ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

എംഎല്‍എമാരുടെയൊപ്പം കരാറുകാര്‍ മന്ത്രിയെ കാണുന്നത് പദ്ധതികളുടെ ചര്‍ച്ചയെ ബാധിക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഈ നിര്‍ദ്ദേശത്തിനെതിരായാണ് ഷംസീര്‍ സംസാരിച്ചത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. അതിനാല്‍ ഷംസീറിന്റെ പ്രവൃത്തി ശരിയായില്ലെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റിലുയര്‍ന്ന വിമര്‍ശനം.

പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഹമ്മദ് റിയാസും നേരത്തെ രംഗത്തെത്തിയിരുന്നു. 'എംഎല്‍എമാര്‍ക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കുന്നൊരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് മന്ത്രിയെ കാണാം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎല്‍എ വരേണ്ടതില്ല.' മുഹമ്മദ് റിയാസ് പറഞ്ഞു.

'പിന്നാലെ എ വിജയരാഘവനും സമാന അഭിപ്രായവുമായി രം​ഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഐഎം നല്‍കാറുണ്ട്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയത്. നല്ല നിലയില്‍ തന്നെയാണ് സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിച്ചുവരുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഐഎമ്മിനുണ്ട്. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്,' വിജയരാഘവൻ പറഞ്ഞു.

Next Story

Popular Stories