'റിയാസ് സെക്രട്ടേറിയറ്റില്‍ എത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു ആയതുകൊണ്ടല്ല'; എംവി ജയരാജന്
മന്ത്രി എന്ന നിലയില്‍ റിയാസ് നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് പാര്‍ട്ടി നല്‍കിയതെന്ന് എംവി ജയരാജന്
6 March 2022 5:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പൊതുമരാമത്ത് മന്ത്രിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുന്‍ പ്രസിഡന്റുമായ മുഹമ്മദ് റിയാസിന്റെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് പ്രതികരിച്ച് എംവി ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു ആയതിനാലല്ല മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റില്‍ എത്തിയതെന്ന് ജയരാജന് പറഞ്ഞു. മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് പാര്‍ട്ടി നല്‍കിയത്. മുഹമ്മദ് റിയാസിനെ സെക്രട്ടേറിയറ്റില്‍ എടുത്തത് തെറ്റാണെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംവി ജയരാജന്റെ പ്രതികരണം.
പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടം നല്കാതിരുന്നതിനേത്തുടര്ന്നുണ്ടായ വിവാദങ്ങളിലും എംവി ജയരാജന് പ്രതികരണം നടത്തി. പി ജയരാജനെ തഴഞ്ഞുവെന്ന് പാര്‍ട്ടി അംഗത്വമുള്ളവര്‍ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കും. പൊതുയിടത്ത് സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയാകരുതെന്നും എംവി ജയരാജന് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പി ജയരാജനെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 'റെഡ് ആര്‍മി' ഉള്‍പ്പെടെയുള്ള സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പി ജയരാജനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ' എന്ന അടിക്കുറിപ്പോടെ പി ജയരാജന്റെ മകന് ജെയിന് രാജ് പങ്കുവെച്ച വീഡിയോ വാര്‍ത്തയായിരുന്നു. 'ആരായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം' എന്നായിരുന്നു ഇതുസംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.