Top

'ലവ് ജിഹാദ് എന്ന സംഘ്പരിവാര്‍ നുണ സിപിഐഎം ആവര്‍ത്തിക്കുന്നു'; ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരണമെന്ന് വി ടി ബല്‍റാം

ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്നുവെച്ച് എന്തിനാണ് ഈ പാര്‍ട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?' തൃത്താല മുന്‍ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

12 April 2022 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലവ് ജിഹാദ് എന്ന സംഘ്പരിവാര്‍ നുണ സിപിഐഎം ആവര്‍ത്തിക്കുന്നു; ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചരണമെന്ന് വി ടി ബല്‍റാം
X

കോഴിക്കോട്: കോടഞ്ചേരിയിലെ പ്രണയ വിവാഹ വിവാദത്തേത്തുടര്‍ന്ന് സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം. തിരുവമ്പാടിയിലെ മുന്‍ സിപിഐഎം എംഎല്‍എ ജോര്‍ജ് എം തോമസ്, കേരളത്തില്‍ 'ലൗ ജിഹാദ്' എന്ന സംഘ് പരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുകയാണെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ പറഞ്ഞു.

'രാജ്യം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാരുടെ കുടുംബചരിത്രം വക്രീകരിച്ച് അപമാനിക്കുന്ന സംഘ് പരിവാര്‍ വാട്ട്‌സ്ആപ്പ് പ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത് തിരുവമ്പാടിയിലെ ഇപ്പോഴത്തെ സിപിഐഎം എംഎല്‍എ ലിന്റോ ജോസഫ്. ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ടെന്നുവെച്ച് എന്തിനാണ് ഈ പാര്‍ട്ടി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ഇങ്ങനെ വിഷലിപ്തമാക്കുന്നത്?' തൃത്താല മുന്‍ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍, ജോയ്‌സ്‌ന എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത് വര്‍ഗീയ സംഘടനകള്‍ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശവും വാര്‍ത്തയായി. ലൗ ജിഹാദ് അപൂര്‍വ്വമായി നടക്കുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. എന്നാല്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ പറ്റില്ല. ഷെജിന്‍ ജോയ്‌സനയുമായി ഒളിച്ചോടിയ നടപടി ശരിയല്ല. ഇത്തരമൊരു പ്രണമയുണ്ടെങ്കില്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഷെജിന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായതിനാല്‍ പാര്‍ട്ടിയെ ആളുകള്‍ സംശയത്തോടെ നോക്കുകയാണെന്നും സിപിഐഎം നേതാവ് പ്രതികരിക്കുകയുണ്ടായി.

ജോര്‍ജ് എം തോമസിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: cpim plays divisive politics aims thrikkakara by election alleges vt balram

Next Story