Top

'കയർമന്ത്രിക്ക് വലിയ ധാരണയില്ല', ആഭ്യന്തരവകുപ്പിലും വീഴ്ച; വിമർശനങ്ങള്‍ക്ക് വേദിയായി സിപിഐഎം കഞ്ഞിക്കുഴി ഏരിയാ സമ്മേളനം

പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നായിരുന്നു മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം.

28 Nov 2021 2:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കയർമന്ത്രിക്ക് വലിയ ധാരണയില്ല, ആഭ്യന്തരവകുപ്പിലും വീഴ്ച; വിമർശനങ്ങള്‍ക്ക് വേദിയായി സിപിഐഎം കഞ്ഞിക്കുഴി ഏരിയാ സമ്മേളനം
X

ആലപ്പുഴ: സിപിഐഎം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ ആഭ്യന്തര - വ്യവസായ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം. വിവാഹചടങ്ങിലെ അതിഥികളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബാലസംഘം നേതാവിനെ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഏരിയാ സമ്മേളനവേദിയിലെ വിമർശനം. പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നായിരുന്നു മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം.

വ്യവസായ- കയര്‍ വകുപ്പ് മന്ത്രിയായ പി രാജീവിന് കയര്‍ വ്യവസായത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും സമ്മേളനവേദിയില്‍ വിമര്‍ശനമുയര്‍ന്നു. രണ്ടാം കയര്‍ പുനസംഘടന നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

മന്ത്രി പി പ്രസാദിനെ സിപിഐഎം വിരുദ്ധനാക്കാന്‍ ചേര്‍ത്തലയിലെ ചില സിപിഐ നേതാക്കള്‍ ശ്രമിക്കുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. പി തിലോത്തമനെ സിപിഐഎം വിരുദ്ധനാക്കിയതുപോലെ പ്രസാദിനെയും സിപിഐഎം വിരുദ്ധനാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും ചേര്‍ത്തലയിലെ ഒരു സിപിഐ നേതാവാണ് ബോധപൂര്‍വം ഇതിനായി ഇടപെടുന്നതെന്നുമാണ് ആരോപണം.



നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയും സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതിനെ ചൊല്ലി ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്ററെ പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. തണ്ണീര്‍മുക്കം ലോക്കല്‍ കമ്മിറ്റി അംഗമായ മിഥുന്‍ ഷായെ ആയിരുന്നു വിവാഹചടങ്ങിലെ അതിഥികളുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്.

മിഥുന്‍ ഷായുടെ വിവാഹത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, ചേര്‍ത്തലയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ സിപിഐഎം നേതാവ് പി. ജ്യോതിസ്, പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി ലതീഷ് ബി ചന്ദ്രന്‍ എന്നിവർ പങ്കെടുത്തിരുന്നു. ഇതാണ് നടപടിക്ക് കാരണമായതെന്ന് മിഥുന്‍ തന്നെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ന് ആരംഭിക്കുന്ന കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കിയതിന് പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട് പങ്കെടുത്ത അതിഥികളാണെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു. '' എന്റെ വിവാഹത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി, ജ്യോതിസ്, ലതീഷ് ബി ചന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തതിനാല്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും ഈ വിഷയത്തില്‍ ഏരിയാ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് എന്നെ ലോക്കല്‍ കമ്മറ്റി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടായ ഈ സംഭവത്തില്‍ സഖാക്കളോട് ക്ഷമ ചോദിക്കുന്നു'' മിഥുന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

Popular Stories