Top

'പ്രസ്താവനയല്ല, വ്യാഖ്യാനങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്'; തീവ്രവാദത്തെകുറിച്ചുള്ള പാര്‍ട്ടി കുറിപ്പിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

17 Sep 2021 2:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രസ്താവനയല്ല, വ്യാഖ്യാനങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്; തീവ്രവാദത്തെകുറിച്ചുള്ള പാര്‍ട്ടി കുറിപ്പിനെ ന്യായീകരിച്ച് എ വിജയരാഘവന്‍
X

പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കുന്നുവെന്ന കുറിപ്പിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പ്രസ്താവനയല്ല, വ്യാഖ്യാനങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. വര്‍ഗ്ഗീയത പലരൂപത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എ വിജയഘവന്‍ പ്രതികരിച്ചു. സിപിഐഎം സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുവെന്ന സിപിഐഎം കുറിപ്പിനെ ന്യായീകരിക്കുകയാണ് സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം സ്വീകരിച്ചത് ചാഞ്ചാട്ടമുള്ള സമീപനം.പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. കേരളത്തിന്റെ മതനിരപേക്ഷിത തകര്‍ക്കാന്‍ പരിശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനെ സിപിഐഎം ചെറുക്കും. കേരള കോണ്‍ഗ്രസിന് അവരുടേതായ അഭിപ്രായം ഉണ്ടാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

വര്‍ഗീയ സ്വഭാവമുള്ള സംഘടനകളാണ് നിലവിലെ നീക്കങ്ങളുടെ പിന്നില്‍ ഭൂരിപക്ഷത്തില്‍ മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിലും ഭിന്നിപ്പുണ്ടാക്കി ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ന്യുനപക്ഷ വര്‍ഗ്ഗീയത ശക്തിപ്പെടുത്താന്‍ ജമാത്തെ ഇസ്ലാമി ശ്രമിച്ചു. ജമാത്തെ ഇസ്ലാമിക്ക് മാന്യതയുടെ മുഖം നല്‍കാന്‍ ആണ് യുഡിഎഫ് അവരുമായി സഖ്യമുണ്ടാക്കിയത്. കേരളം ഐ എസ് ഹബ്ബ് എന്ന് ആരും പറയില്ല. കേരളം ഐ എസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമല്ലെന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നതായി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ പിന്നാലെ നടന്നത് വര്‍ഗീയ വത്കരിക്കാനുള്ള തെറ്റായ ഇടപെടലായിരുന്നു. ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചു. അവസര വാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സര്‍ക്കാര്‍ വിഷയം പരിഹരിക്കാനാണ് ശ്രമിച്ചത് എന്നും എ വിജയ രാഘവന്‍ വ്യക്തമാക്കി.

കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാര്‍ നീക്കം നടക്കുന്നു. മത സൗഹാര്‍ദത്തെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ബിജെപി നന്നായി പരിശ്രമിച്ചു. മറ്റ് ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും മാധ്യമങ്ങളും സാമുഹിക മാധ്യമ ഇടപെടലും ഇതിന് വളം വച്ചു. എന്നാല്‍ കേരളം ഇത് സ്വീകരിച്ചില്ല. ബിഷപ്പിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും പാര്‍ട്ടി ആക്ടിങ് സെക്രട്ടറി ചൂണ്ടിക്കാട്ടി. വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവണതകള്‍ മതത്തിന്റെ പേരില്‍ വഴിമാറ്റി വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന നിലപാട് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

Popular Stories