Top

നാര്‍ക്കോട്ടിക് വിവാദത്തില്‍ 'ബിജെപി നന്നായി പരിശ്രമിച്ചു'; കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമമെന്ന് എ വിജയരാഘവന്‍

17 Sep 2021 12:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാര്‍ക്കോട്ടിക് വിവാദത്തില്‍ ബിജെപി നന്നായി പരിശ്രമിച്ചു; കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമമെന്ന് എ വിജയരാഘവന്‍
X

കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നതായി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ പിന്നാലെ നടന്നത് വര്‍ഗീയ വത്കരിക്കാനുള്ള തെറ്റായ ഇടപെടലായിരുന്നു. ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചു. അവസര വാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സര്‍ക്കാര്‍ വിഷയം പരിഹരിക്കാനാണ് ശ്രമിച്ചത് എന്നും എ വിജയ രാഘവന്‍ വ്യക്തമാക്കി.

കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാര്‍ നീക്കം നടക്കുന്നു. മത സൗഹാര്‍ദത്തെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ബിജെപി നന്നായി പരിശ്രമിച്ചു. മറ്റ് ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും മാധ്യമങ്ങളും സാമുഹിക മാധ്യമ ഇടപെടലും ഇതിന് വളം വച്ചു. എന്നാല്‍ കേരളം ഇത് സ്വീകരിച്ചില്ല. ബിഷപ്പിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും പാര്‍ട്ടി ആക്ടിങ് സെക്രട്ടറി ചൂണ്ടിക്കാട്ടി. വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവണതകള്‍ മതത്തിന്റെ പേരില്‍ വഴിമാറ്റി വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന നിലപാട് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും വലിയ തകര്‍ച്ചയിലേക്ക് പോവുകയാണെന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരും. കേരളത്തില്‍ ഇടത് പക്ഷത്തോടൊപ്പം വരുന്നവര്‍ക്ക് സിപിഐഎം അര്‍ഹമായ പരിഗണന നല്‍കും. തിരുവനന്തപുരത്ത് പാര്‍ട്ടിയിലെത്തിയവര്‍ക്ക് സ്വീകരണം നല്‍കും. സിപിഐഎമ്മിന്റെ ശരിയായ നിലപാടുകള്‍ ആളുകളെ അടുപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ പുരോഗമന വാദികള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത നിലയാണ്. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഇല്ല.

യുഡിഎഫിലെ മുഖ്യ ഘടക കക്ഷിയായ ലീഗ് ചരിത്രത്തിലില്ലാത്ത് പ്രതിസന്ധി നേരിടുകയാണ്. ലീഗില്‍ കണ്ടത് ജനാധിപത്യത്തിന്റെ കുറവിന്റെ പ്രതിഫലനം. ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രകടമായി പുറത്ത് വന്നു. ഹരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അതിനോട് സ്വീകരിച്ച നിലപാട്, പുറത്ത് വന്ന പ്രതികരണം എന്നിവ ലീഗിന്റെ നിലപാട് വ്യക്തമാക്കുന്നത് പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ നിലപാടാണ്. മു്സ്ലീം ലീഗ് അതിന്റെ മധ്യ കാലബോധം പ്രകടമാക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

Popular Stories