Top

'മുകേഷ് സിനിമ താരമെന്ന ഗ്ലാമര്‍ മാറ്റിവെച്ചില്ല, ഹരിപ്പാടും ഇടതിന് വോട്ടുചോര്‍ച്ച'; സിപിഐഎമ്മിനെതിരെ സിപിഐ റിപ്പോര്‍ട്ട്

12 Sep 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുകേഷ് സിനിമ താരമെന്ന ഗ്ലാമര്‍ മാറ്റിവെച്ചില്ല, ഹരിപ്പാടും ഇടതിന് വോട്ടുചോര്‍ച്ച; സിപിഐഎമ്മിനെതിരെ സിപിഐ റിപ്പോര്‍ട്ട്
X

സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയും ചിലയിടങ്ങളില്‍ സഹകരിച്ചില്ലെന്നും സിപിഐഎമ്മിനെ സിപിഐ കുറ്റപ്പെടുത്തി. പറവൂരില്‍ സിപിഐഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്നും ഹരിപ്പാട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലം എംഎല്‍എ മുകേഷിനെതിരേയും കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉളളത്. മുകേഷ് സിനിമതാരമെന്ന ഗ്ലാമര്‍ മാറ്റിവെച്ച് ജനകീയ എംഎല്‍എയായില്ലായെന്ന് സിപിഐ വിമര്‍ശിച്ചു. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഐഎമ്മിന് നിര്‍ബന്ധമില്ലായിരുന്നുവെന്നും വിമര്‍ശിക്കുന്നു. ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യാടനം പോലും സിപിഐഎം ഒറ്റക്കാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നത് വോട്ടുമറിക്കലിന്റെ സംശയമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ സിപിഐഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി എസ് ജയലാല്‍ ജയിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണിയുടെ വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഐഎമ്മിനെ ലക്ഷ്യമിട്ട്് സിപിഐ കുറ്റപ്പെടുത്തുന്നു. ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. കെ.യു ജെനീഷ് കുമാര്‍ രണ്ടാമത് ജയിച്ച കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനൊ നടപ്പിലാക്കാനോ സിപിഐഎം തയ്യാറായിരുന്നില്ല. പാലായില്‍ ജോസ് കെ മാണിയുടെ പരാജയവും കടുത്തുരുത്തിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയവും വ്യക്തിപരമായിരുന്നുവെന്നാണ് സിപിഐ കണ്ടെത്തല്‍. സിപിഐഎം വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പോലും സിപിഐയെ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

Next Story

Popular Stories