Top

'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു'; വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

26 Aug 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു; വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍
X

കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുമ്പോള്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. കൊവിഡ് സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആറുമണി വാര്‍ത്താ സമ്മേളനം വിളിക്കാത്തതിനെയാണ് പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ വിമര്‍ശനിച്ച് രംഗത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. 'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും രംഗത്ത് എത്തി. കോവിഡ് നിയന്ത്രണ പരാജയങ്ങളേക്കുറിച്ചും മുട്ടില്‍ മരംമുറി അന്വേഷണ അട്ടിമറിയേക്കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. അങ്ങനെയൊരവസരം ലഭിക്കുകയാണെങ്കില്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറെടുക്കണം'. എന്നുമാണ് വിടി ബല്‍റാമിന്റെ ആവശ്യം.

രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ ഒരു അവലോകനം എന്ന പേരില്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തുകയാണ് യുവ കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം. അയല്‍ സംസ്ഥാനങ്ങളെക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍. ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍. പെറ്റിയടിച്ചു സര്‍ക്കാര്‍ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോള്‍ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു. കോവിഡ് തുടര്‍ചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പണം ഈടാക്കുന്ന സംസ്ഥാനം. കോടികണക്കിന് രൂപയുടെ മുട്ടില്‍ മരം മുറി മാഫിയക്ക് ധര്‍മ്മടം ബന്ധം, സര്‍ക്കാര്‍ സംരക്ഷണം. രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ജൂണ്‍ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല. 'നല്ല രീതിയില്‍' കേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത് ഫോണ്‍ വിളിച്ച വനം മന്ത്രിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്. നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാന്‍ ഒരുങ്ങുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികള്‍ സോഷ്യല്‍ മീഡിയ താരങ്ങളായ പാര്‍ട്ടി സഖാക്കള്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു. എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ശബരീനാഥന്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അന്ന് ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും മുരളീധരന്‍ ചോദിച്ചു.

Next Story

Popular Stories