'കേരളത്തിലെ കൊവിഡ് പ്രതിരോധം പോലീസ് രാജും രാഷ്ടീയ പ്രചരണവുമായി'; പാക്കേജ് ജനവഞ്ചനയുടെ ആവര്‍ത്തനമെന്ന് ആര്‍എംപി
പല സംസ്ഥാനങ്ങളും മരിച്ചവര്‍ക്കും തൊഴില്‍ നഷ്ടത്തിനും ധനസഹായം അനുവദിച്ചെങ്കിലും കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല
1 Aug 2021 3:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മൂലം ജീവനോപാധികള്‍ നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാം കൊവിഡ് പാക്കേജ് ജനവഞ്ചനയുടെ ആവര്‍ത്തനം മാത്രമാണെന്ന് ആര്‍എംപിഐ. പല സംസ്ഥാനങ്ങളും മരിച്ചവര്‍ക്കും തൊഴില്‍ നഷ്ടത്തിനും ധനസഹായം അനുവദിച്ചെങ്കിലും കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കൊവിഡ് പ്രതിരോധം തന്നെ പോലീസ് രാജും രാഷ്ടീയ പ്രചരണവുമായി മാറ്റിത്തീര്‍ക്കുകയാണ് എന്നും ആര്‍എംപി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മരണപ്പെട്ടവര്‍ക്കും ജീവനോപാധികള്‍ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഓണ്‍ലൈന്‍ പഠനത്തിനായി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലോ ലാപ്ടോപ്പോ ലഭ്യമാക്കാനും അടിയന്തിര നടപടി എടുക്കണം. സംസ്ഥാന സര്‍ക്കാര്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകളും കരാറുകാരുടെ കുടിശികയും മറ്റും കൊവിഡ് പാക്കേജിലുള്‍പ്പെടുത്തുന്നത് കണ്ണില്‍ പൊടിയിടുന്ന വഞ്ചനയാണ്. ദുരന്ത നിവാരണ നിയമപ്രകാരം മരണപ്പെട്ടവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്ന് സുപ്രീംകോടതി അസന്നിഗ്ദമായി വ്യക്തമാക്കിക്കഴിഞ്ഞു. ഈ കേസില്‍ ജനങ്ങളുടെ ഭാഗം നിന്നു വാദിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു എന്നും ആര്‍എംപിഐ ആരോപിച്ചു.
കൊവിഡ് പാക്കേജിലെ വാടക, പലിശ ഇളവുകള്‍ വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രം ലഭ്യമാകുന്നതാണ്. സ്വകാര്യ സംരഭകരും കച്ചവട, സേവനമേഖലകളിലും കലാരംഗത്തുമുള്ളവരും അനൗപചാരിക തൊഴിലാളികളും സാമ്പത്തിക തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ട് ആത്മഹത്യയുടെ വക്കിലാണ്. ദുരന്തനിവാരണ നിയമപ്രകാരം നാട് അടച്ചിടുന്ന ഭരണാധികാരികള്‍ക്ക് അതേ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ബാദ്ധ്യതയുണ്ട്. ജീവനോപാധികള്‍ നഷ്ടമാവുന്ന മുതിര്‍ന്ന ഒരാള്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയും നഷ്ടപരിഹാരത്തിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതു പ്രകാരം ഒരു ശരാശരി കുടുംബത്തിന് ദിനംപ്രതി 200 രൂപയിലധികം സര്‍ക്കാര്‍ നല്‍കണം. ദുരന്തനിവാരണ നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം വസ്തുക്കളായി നല്‍കാമെന്ന വ്യവസ്ഥ ഉത്തരവില്‍ തിരുകി കയറ്റിയാണ് കിറ്റു നല്‍കുന്ന തട്ടിപ്പു നടത്തുന്നത്. കിറ്റില്‍ കിട്ടുന്ന പല വസ്തുക്കളും ഉപയോഗ യോഗ്യമല്ലാത്തവയാണ്. ഇതു വാങ്ങുന്നതിലും പാക്ക് ചെയ്യുന്നതിലും അഴിമതിയും സ്വന്തക്കാരെ നിയോഗിക്കലുമുണ്ട്.
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്ന പഠനത്തിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മൊബൈലോ ലാപ്ടോപ്പോ വേണ്ടി വരും. സ്‌കൂള്‍ തലത്തില്‍ നാട്ടുകാരുടെ കമ്മിറ്റിയുണ്ടാക്കി ഇതിനായി പിരിവു നടത്തുന്നത് വരുമാന നഷ്ടം കൊണ്ടു പൊറുതിമുട്ടുന്നവരുടെ മേല്‍ വൈകാരിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ക്രൂരതയാണ്.ദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈലും ലാപ്ടോപ്പും നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് വകയിരുത്തണമെന്ന് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.
ജനങ്ങള്‍ ദുരന്തത്തിലേക്കു നീങ്ങുമ്പോഴും വന്‍കിട പദ്ധതികളും സ്ഥലമേറ്റെടുക്കലും അതിശീഘ്രം തുടരുകയാണ്. ലോക്ക് ഡൗണിന്റെ മറവില്‍ ജനകീയ പ്രതിഷേധങ്ങളെ തടയുന്നു. ദേശീയപാതയിലെ താമസക്കാരോടും കച്ചവടക്കാരോടും രണ്ടു മാസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നുണ്ട്. മാറ്റിവെക്കാവുന്ന പദ്ധതികള്‍ മാറ്റിവെച്ചും നഷ്ടപരിഹാരത്തിന് പണം വകയിരുത്തണമെന്നും നിയമപ്രകാരംഅര്‍ഹതപ്പെട്ട സഹായങ്ങള്‍നല്‍കണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.
- TAGS:
- RMPI
- kk rama
- Covid 19
- Covid Kerala
Next Story