Top

വിവാദങ്ങള്‍, ആര്‍എസ്പിക്കും, ജോസഫിനും അതൃപ്തി; ഇന്ന് യുഡിഎഫ് യോഗം

6 Sep 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദങ്ങള്‍, ആര്‍എസ്പിക്കും, ജോസഫിനും അതൃപ്തി; ഇന്ന് യുഡിഎഫ് യോഗം
X

കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ക്കും മുന്നണിയില്‍ ആര്‍എസ്പി ഉള്‍പ്പെടെ ഭിന്നത പരസ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത അതൃപ്തിയുള്ള ഘടകകക്ഷികള്‍ യോഗത്തില്‍ തങ്ങളുടെ നിലപാടും ഇന്നത്തെ യോഗത്തില്‍ രേഖപ്പെടുത്തിയേക്കും. പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്പി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും.

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കലാപക്കൊടി ഉയര്‍ത്തിയ സംഭവം മുന്നണിയില്‍ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെങ്കിലും വിവാദം രാഷ്ട്രീയമായി ദോഷം ചെയ്‌തെന്ന ആശങ്കയായിരിക്കും ഘടകകക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കി വിഷയം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇരുവരെയും നേരിട്ട് കണ്ടത് മുന്നണിയോഗം ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് എന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

പരാജയം പഠിക്കാന്‍ നിശ്ചയിച്ച കമ്മീഷന്‍ കണ്ടെത്തലുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് പ്രതിഷേധമുണ്ടെന്ന് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. യോഗത്തില്‍ ഇവര്‍ പ്രതിഷേധം അറിയിക്കും. പാര്‍ട്ടിക്കെതിരെയുള്ള തെറ്റായ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആര്‍എസ്പി ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിന് യുഡിഎഫ് യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ്സ് നേതൃത്വം ആര്‍ എസ് പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്. രാവിലെ പതിനൊന്നരക്കാണ് കോണ്ഗ്രസ്സ് ആര്‍എസ്പി ഉഭയകകക്ഷി ചര്‍ച്ച. പരാതി പരിഹരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നത് അടക്കമുള്ള കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് ആര്‍എസ്പിയുടെ മുന്നറിയിപ്പ്.

കെ റെയില്‍ പദ്ധതി സംബന്ധിച്ച നിലപാടും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും. യുഡിഎഫ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാകും ചര്‍ച്ച. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കണമെന്ന നിര്‍ദേശമാണ് ഉപസമിതി മുന്നോട്ട് വെച്ചിട്ടുളളത്.

Next Story

Popular Stories