Top

'പ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ വരെ ഡിസിസി അധ്യക്ഷപട്ടികയില്‍'; കെപിസിസിക്കെതിരെ എംപിമാര്‍; തരൂരും അടൂര്‍പ്രകാശും വിട്ടുനിന്നു

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നു

7 Aug 2021 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ വരെ ഡിസിസി അധ്യക്ഷപട്ടികയില്‍; കെപിസിസിക്കെതിരെ എംപിമാര്‍; തരൂരും അടൂര്‍പ്രകാശും വിട്ടുനിന്നു
X

കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ പരാതി. പുനഃസംഘടനയില്‍ എംപിമാരുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നാണ്പ്രധാന ആക്ഷേപം. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചവരെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലെ അതൃപ്തിയും എംപിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ നേരില്‍ കണ്ടാണ് എംപിമാര്‍ കെപിസിസി നേതൃത്വത്തിനെതിരെ പരാതിപ്പെട്ടത്. പുതിയ നേതൃത്വം തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വം എംപിമാരുമായി വേണ്ടത്ര ചര്‍ച്ച നടത്തുന്നില്ലെന്ന പരാതിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച പ്രവര്‍ത്തകനെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതില്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചു.

അഞ്ച് വര്‍ഷത്തിലേറെയായി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. അതേസമയം നിലവില്‍ തയ്യാറാക്കിയ ഡിസിസി അധ്യക്ഷന്മാരുടെ പ്രാഥമിക പട്ടിക അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം എംപിമാരും. ശശി തരൂര്‍, അടൂര്‍പ്രകാശ് ഒഴികെയുള്ള എല്ലാ എംപിമാരും താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പരാതികള്‍ പരിശോധിക്കാമെന്ന് താരിഖ് അന്‍വര്‍ എംപിമാര്‍ക്ക് ഉറപ്പു നല്‍കിയതായാണ് സൂചന. അതിനിടയില്‍ പുനസംഘടനയില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ കെപിസിസി നേതൃത്വം പ്രാഥമിക പട്ടികയുമായി 13 ന് ദില്ലിക്ക് തിരിക്കും. അന്തിമ ചര്‍ച്ചകള്‍ താരിഖ് അന്‍വ്വറിന്റെ സാന്നിധ്യത്തില്‍ ദില്ലിയിലാണ് നടക്കുക.

ഓണത്തിന് മുമ്പ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം. അതിനുപിന്നാലെ കെപിസിസി പുനഃസംഘടന യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാനാണ് തീരുമാനം. ഇതിനിടയിലാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസിയ്‌ക്കെതിരെ എംപി മാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.

Next Story

Popular Stories