Top

കോണ്‍ഗ്രസില്‍ വിലക്ക് ഒരുവിഭാഗത്തിന് മാത്രം; ഇരട്ടനീതിക്കെതിരെ പരാതി, പ്രതിഷേധം

വിലക്കുകള്‍ നിലനില്‍ക്കെ ഔദ്യോഗിക പക്ഷത്തെ പ്രധാനികള്‍ പരസ്യ പ്രതികരണം നടത്തുന്നു എന്നാണ് ഗ്രൂപ്പുകളുടെ പരാതി

4 Sep 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ വിലക്ക് ഒരുവിഭാഗത്തിന് മാത്രം; ഇരട്ടനീതിക്കെതിരെ പരാതി, പ്രതിഷേധം
X

കോണ്‍ഗ്രസ്സില്‍ പരസ്യ പ്രസ്താവനകള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഒരു വിഭാഗത്തിന് മാത്രമാണെന്ന് പരാതി. ഈ സാഹചര്യത്തില്‍ വിലക്ക് അവഗണിച്ച് പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഗ്രൂപ്പുകള്‍. കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കവുമായി സഹകരിക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

വിലക്കുകള്‍ നിലനില്‍ക്കെ ഔദ്യോഗിക പക്ഷത്തെ പ്രധാനികള്‍ പരസ്യ പ്രതികരണം നടത്തുന്നു എന്നാണ് ഗ്രൂപ്പുകളുടെ പരാതി. മുതിര്‍ന്ന നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ച ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും എ, ഐ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരെ താക്കീത് ചെയ്യാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്ന വിമര്‍ശനവും ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു.
പരസ്യ പ്രസ്താവന പാടില്ലെന്നും മാധ്യമ വിലക്കും നിലനില്‍ക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ അധിക്ഷേപം ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വേട്ട തുടരുന്ന സാഹചര്യത്തില്‍ വിലക്ക് അവഗണിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഇരട്ടനീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധത്തിന് ഗ്രൂപ്പുകള്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. അതേസമയം മുതിര്‍ന്ന നേതാക്കളുടെ രൂക്ഷ പ്രതികരണങ്ങള്‍ അവഗണിക്കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നാല്‍ നടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. ഇന്നലെ രമേശ് ചെന്നിത്തല, കെ.സി ജോസഫ് എന്നിവര്‍ കെപിസിസി നേതൃത്വത്തെ കടന്നാക്രമിച്ച പശ്ചാത്തലത്തിലാണ് തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്റിന്റെ ഇടപെടുന്നത്. 8 ന് സംസ്ഥാനത്ത് എത്തുന്ന താരീഖ് അന്‍വര്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.
Next Story

Popular Stories