Top

'സഹകരണ ബാങ്കില്‍ ഇ ഡി'; കെ ടി ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ മുസ്ലീം ലീഗിനും ആശ്വാസം

കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചാണ് ജലീലിന്റെ നീക്കമെങ്കിലും അത് സഹകരണബാങ്കുകളെ ഉന്നമിടുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് സഹായകരമാകുമെന്ന വിലയിരുത്തലാണ് സിപിഐഎമ്മിന്

8 Sep 2021 1:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹകരണ ബാങ്കില്‍ ഇ ഡി; കെ ടി ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ മുസ്ലീം ലീഗിനും ആശ്വാസം
X

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി ബന്ധപ്പെട്ട് കെടി ജലീല്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും നല്‍കുന്നത് വലിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി നിരന്തരം മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്ന കെ ടി ജലീലിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകള്‍ സഹായമാവും.

ഇതോടൊപ്പം, എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനൊപ്പം സിപിഐഎം ഉണ്ടാകില്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്നാണ് വിലയിരുത്തല്‍. തുടക്കം മുതല്‍ തന്നെ എആര്‍ നഗര്‍ സഹകര ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിന് സിപിഐഎമ്മിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ചാണ് ജലീലിന്റെ നീക്കമെങ്കിലും അത് സഹകരണബാങ്കുകളെ ഉന്നമിടുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് സഹായകരമാകുമെന്ന വിലയിരുത്തലാണ് സിപിഐഎമ്മിന് അന്നും ഇന്നുമുള്ളത്.

ഇതിന് പിന്നാലെയാണ് ജലീലിനെ പരസ്യമായി തളളി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്. എ ആര്‍ നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡിയെ സമീപിച്ച ജലീലിനോടുള്ള അതൃപ്തിയും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട ജലീലിനൊപ്പം സിപിഐഎം ഉണ്ടാകില്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടിയ കേന്ദ്ര ഏജന്‍സികളെ വിശ്വാസത്തിലെടുക്കുന്ന ജലീലിന്റെ മാറ്റത്തിലും പിണറായി വിജയന് അമര്‍ഷം ഉണ്ട്.

അതേസമയം വിഷയത്തില്‍ സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ആവിശ്യപ്പെട്ടിട്ടുണ്ടെന്നും, കേന്ദ്ര ഏജന്‍സികള്‍ ചോദിച്ചതിനാല്‍ തെളിവുകള്‍ മാത്രമാണ് താന്‍ നല്‍കിയെ തെന്നുമുള്ള കാര്യം ജലീല്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയേക്കും. ലീഗിനുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയുടെ പിന്തുണ ജലീലിന് ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തളളിയത് കുഞ്ഞാലിക്കുട്ടിയ്ക്കും കൂട്ടര്‍ക്കും ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്.

കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നായിരുന്നു കെടി ജലീലിന്റെ ഏറ്റവും പുതിയ നിലപാട്. ഇതിന്റെയെല്ലാം മുഖ്യസൂത്രധാരര്‍ മുസ്ലിംലീഗ് നേതാവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി ങഘഅയും അദ്ദേഹത്തിന്റെ ബിനാമി ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ്. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍ നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ അന്‍പതിനായിരത്തില്‍പരം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

257 കസ്റ്റമര്‍ ഐ.ഡി കളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെല്ലാം എന്നും കൊച്ചിയിലെ ഇഡി ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടെ ജലീല്‍ നിലപാട് എടുത്തിരുന്നു.

Next Story

Popular Stories