Top

മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി; ഭൂപേഷ് ഭാഗേല്‍ വീണ്ടും ഡല്‍ഹിയില്‍

20 എംഎല്‍എമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും ഹൈക്കമാന്‍ഡിന്റെ പിന്തുണ തേടി ഡല്‍ഹിയില്‍

27 Aug 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി; ഭൂപേഷ് ഭാഗേല്‍ വീണ്ടും ഡല്‍ഹിയില്‍
X

ഛത്തീസ്ഗഢ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച തർക്കം തുടരവെ നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. ഈ വാരം മാത്രം ഇത് രണ്ടാം തവണയാണ് ഭൂപേഷ് ഭാഗേലിന്റെ ഡല്‍ഹി സന്ദര്‍ശനം. അവസാനമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ഭാഗേല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച ചര്‍ച്ചകളാണ് ചത്തീസ്ഗഢ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.

ഭൂപേഷ് ഭാഗേലിന് പുറമേ അദ്ദേഹത്തെ പിന്തുണക്കുന്ന 20 എംഎല്‍എമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും ഹൈക്കമാന്‍ഡിന്റെ പിന്തുണ തേടി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. 2018 ഡിസംബറില്‍ ഭരണത്തിലേറുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള അധികാര മാറ്റ ചര്‍ച്ചകളാണ് ഇപ്പോള്‍ ചത്തീസ്ഗഢില്‍ നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദവി ഒഴിയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഭാഗേല്‍ തയ്യാറാവുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ താന്‍ രാജിവെക്കുമെന്നാണ് കഴിഞ്ഞദിവസം ഭാഗേല്‍ പ്രതികരിച്ചത്. സോണിയയും രാഹുല്‍ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും രണ്ടര വര്‍ഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍ നോക്കിയവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ഭാഗേല്‍ പറഞ്ഞിരുന്നു. ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആരോഗ്യമന്ത്രി കൂടിയായി ടിഎസ് സിങ് ഡിയോയുടെ ആവശ്യം.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഭൂപേഷ് ഭാഗേല്‍, ടിഎസ് സിങ് ഡിയോ, തമര്‍ദ്വാജ് സാഹു എന്നീ മുതിര്‍ന്ന മൂന്നു നേതാക്കളും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഭൂപേഷ് ഭാഗേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം ഭൂപേഷ് ഭാഗേലിനും തുടര്‍ന്ന് സിങ് ഡിയോക്കുമെന്ന് ധാരണയുള്ളതായാണ് സൂചന. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഭാഗേല്‍ രണ്ടരവര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്.
Next Story

Popular Stories