Top

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം

രാവിലെ 11 ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണിയുമായി കൂടിക്കാഴ്ച്ച നടത്തും.

29 Oct 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം
X

ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസ്സിൽ ചേരും. രാവിലെ 11 ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണിയുമായി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് 11.30 ന് പ്രസ്സ് ക്ലബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചെറിയാൻ കോൺഗ്രസിൽ തിരികെ എത്തുന്നത്.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം. ജീവിത അവസാനം വരെ ഉമ്മൻ ചാണ്ടി തന്റെ രക്ഷിതാവായി കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ചെറിയാൻ പ്രകടിപ്പിച്ചിരുന്നു.

20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്. ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റു പറ്റിയത് തനിക്കാണ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ സീറ്റിൽ പരിഗണിക്കാതിരുന്നത് മുതൽ ചെറിയാൻ ഫിലിപ്പ് സിപിഐഎം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി നൽകിയെങ്കിലും ചെറിയാൻ നിരസിച്ചു. കോൺഗ്രസിൽ നിന്നും പ്രധാന നേതാക്കളുൾപ്പെടെ സിപിഐഎമ്മിലേക്ക് ചേക്കേറുമ്പോൾ ചെറിയാന്റെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് നീക്കം. അതേസമയം, തിരിച്ചുവരവില്‍ ചെറിയാൻ ഫിലിപ്പിന് കോണ്‍ഗ്രസ് എന്ത് പദവി നൽകും എന്നതിനെ കുറിച്ച് വ്യക്തതയില്ല.

Next Story

Popular Stories