Top

'പന്ന പ്രമുഖ്' (PANNA PRAMUKH) കമ്മിറ്റികളുമായി ബിജെപി; ബൂത്ത് തലത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്താന്‍ ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ് കൊവിഡിന് ശേഷം ആദ്യമായി ചേരുന്ന ദേശീയ എക്സിക്യൂട്ടിവിലെ പ്രധാന ചർച്ച വിഷയം.

7 Nov 2021 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്ന പ്രമുഖ് (PANNA PRAMUKH) കമ്മിറ്റികളുമായി ബിജെപി; ബൂത്ത് തലത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്താന്‍ ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം
X

രാജ്യത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ഇതുവരെ വേരുറപ്പിക്കാനാകാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും പാര്‍ട്ടി വിപുലീകരണത്തിന് പുതിയ പദ്ധതിയുമായി ബിജെപി. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് പുറമെ 'പന്ന പ്രമുഖ്' കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം.

ഇതുപ്രകാരം രാജ്യത്തെ 10,40,000 പോളിങ് ബൂത്തുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അതില്‍ പന്ന പ്രമുഖരെ (വോട്ടര്‍ ലിസ്റ്റ് ഇന്‍-ചാര്‍ജ്) വിന്യസിക്കുമെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ എല്ലാ ബൂത്തുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത്' സ്ഥാപിക്കുകയും ചെയ്യും. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം മറ്റ് സംസ്ഥാനങ്ങളിലെയും പാര്‍ട്ടി വിപുലീകരണത്തിന് സഹായകമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വോട്ടര്‍മാരെ ഒന്നിച്ചുചേര്‍ക്കാനായി ബൂത്ത് തലത്തില്‍ പന്ന പ്രമുഖ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ബിജെപി ഔദ്യോഗിക നേതൃത്വം അറിയിച്ചു. ഡിസംബര്‍ 25 നകം ബൂത്ത് കമ്മിറ്റികളും അടുത്ത വര്‍ഷം ഏപ്രില്‍ ആറിനകം മറ്റ് കമ്മിറ്റികളുടെയും രൂപീകരിക്കാനാണ് ലക്ഷ്യംവെയ്ക്കുന്നത്. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടിക്ക് ഇതുവരെ വേരുറപ്പിക്കാന്‍ സാധിക്കാത്ത കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളില്‍ പാര്‍ട്ടി വികസിപ്പിക്കേണ്ടതുണ്ടെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയതായി ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തെലങ്കാനയിലുണ്ടാക്കാനായ മുന്നേറ്റം ഈ നീക്കത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ചൂണ്ടിക്കാട്ടി.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ് കൊവിഡിന് ശേഷം ആദ്യമായി ചേരുന്ന ദേശീയ എക്സിക്യൂട്ടിവിലെ പ്രധാന ചർച്ച വിഷയം. സംസ്ഥാന നേതാക്കളുടെ ഉള്‍പ്പടെ പങ്കാളിത്തത്തോടെ വിവിധ തലങ്ങളിലാണ് യോഗം പുരോഗമിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും എം എം ജോഷിയും വസതികളില്‍ നിന്ന് യോഗത്തില്‍ ചേര്‍ന്നു. ബിജെപിയുടെ പരമോന്നത നയരൂപീകരണ സമിതിയായ ദേശീയ എക്സിക്യൂട്ടീവിലെ 346 അംഗങ്ങളില്‍ 342 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Next Story

Popular Stories