Top

യുഡിഎഫിനെ പുറത്താക്കാന്‍ ബിജെപി പിന്തുണ; കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസം പാസാവും

24 Sep 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫിനെ പുറത്താക്കാന്‍ ബിജെപി പിന്തുണ; കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസം പാസാവും
X

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണയ്ക്കും. ഇതോടെ എല്‍എഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകും എന്ന് ഉറപ്പായി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു വിളിച്ച് ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.

ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുക എന്ന തീരുമാനം എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു വ്യക്തമാക്കി. സിപിഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ല, പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത് എന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.

യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ. അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിവന്നിരുന്നു. എന്നാല്‍ എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്. അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കും. നഗര സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കി. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നത ഉണ്ടായ സാഹചര്യത്തിലാണ് വിട്ട് നില്‍ക്കാന്‍ വിപ്പ് നല്‍കിയത്.

ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്‌കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സിപിഎം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനമെയാണ് അംഗബലം. 22 അംഗങ്ങളുള്ള യുഡിഎഫില്‍ കോണ്‍ഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്.

അതേസമയം, ഇരാറ്റുപേട്ട നഗര സഭയിലെ യുഡിഎഫ് ഭരണ സമതിക്ക് എതിരായുള്ള എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത് എസ്ഡിപിഐ പിന്തുണയിലായിരുന്നു. ഇതുയര്‍ത്തിയ രാഷ്ട്രീയ വിവാദം അവസാനിക്കുന്നതിന് മുമ്പേയാണ് കോട്ടയം വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

Next Story

Popular Stories