Top

'പെട്രോള്‍ വില വര്‍ധിപ്പിച്ചത് അഞ്ച് ശതമാനം മാത്രം'; പാശ്ചാത്യ രാജ്യങ്ങളില്‍ 60 ശതമാനം വില കൂട്ടിയെന്ന് കെ സുരേന്ദ്രന്‍

പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ വരെ ചില്ലറ ഉല്‍പന്നങ്ങള്‍ക്ക് വില കൂടിയെന്ന് ബിജെപി നേതാവ്.

12 April 2022 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോള്‍ വില വര്‍ധിപ്പിച്ചത് അഞ്ച് ശതമാനം മാത്രം; പാശ്ചാത്യ രാജ്യങ്ങളില്‍ 60 ശതമാനം വില കൂട്ടിയെന്ന് കെ സുരേന്ദ്രന്‍
X

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിന്റെ പേരില്‍ രാജ്യത്ത് വ്യാപകമായ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ വരെ ചില്ലറ ഉല്‍പന്നങ്ങള്‍ക്ക് വില കൂടി. പാശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലും ഇന്ധനവില ഇരട്ടിയായപ്പോള്‍ ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രമാണ് കൂട്ടിയതെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തിയ ബോധവല്‍കരണ പരിപാടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്‍ പറഞ്ഞത്

"പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിന്റെ പേര് പറഞ്ഞ് വ്യാപകമായ തെറ്റിദ്ധാരണയാണ് നമ്മുടെ രാജ്യത്ത് നടത്തുന്നത്. എന്നാല്‍ നമ്മുടെ നാളിന് വെളിയില്‍, മറ്റ് രാജ്യങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് ആരും ഇവിടെ പറയാന്‍ തയ്യാറാകുന്നില്ല. പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ റീട്ടെയില്‍ ഡീസലിനും പെട്രോളിനും എന്താണ് വില? അമേരിക്കയും ജര്‍മനിയും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലും യൂറോപ്പിലും 50 ശതമാനം മുതല്‍ 60 ശതമാനം വരെ ചില്ലറ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമ്പോള്‍ വെറും അഞ്ച് ശതമാനത്തില്‍ താഴെയാണ് ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യാ രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചിട്ടുള്ളത്. പക്ഷെ, നാം കേരളത്തില്‍ കേള്‍ക്കുന്നത് എന്താണ്? കാണുന്ന പ്രചാരണം എന്താണ്? ഇതുപോലെ പല കാര്യങ്ങളെ സംബന്ധിച്ചും പ്രചരണമുണ്ട്. ജിഎസ്ടി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും നമ്മുടെ രാജ്യത്തിന് എത്ര മാത്രം ഗുണകരമാണ്. അടിസ്ഥാന മേഖലയില്‍ നടക്കുന്ന എല്ലാ വിപ്ലകരമായ മാറ്റങ്ങളോടൊപ്പം സാമൂഹിക നീതിക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം നമ്മള്‍ കൃത്യമായി മനസിലാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം. ആ ബാധ്യത നമുക്കുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതിന്റെ ആയിരത്തിലൊന്ന് നല്ല പ്രവര്‍ത്തികള്‍ ചെയ്യാത്ത സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍."

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. കോണ്‍ഗ്രസിലും സിപിഐഎമ്മിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലി ആഭ്യന്തര പ്രശ്നങ്ങളുണ്ട്. കെ വി തോമസിനെ പോലുള്ളവരെ പരിഗണിക്കുന്നതില്‍ സിപിഐഎമ്മില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Story Highlights: only five percent were hiked k surendran on petrol diesel price

Next Story