Top

ഗുജറാത്തിലെ നേതൃമാറ്റം പട്ടേല്‍ വിഭാഗത്തിന്റെ വിശ്വാസം ഉറപ്പിക്കാന്‍; സാധ്യതാ പട്ടികയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും

12 Sep 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തിലെ നേതൃമാറ്റം പട്ടേല്‍ വിഭാഗത്തിന്റെ വിശ്വാസം ഉറപ്പിക്കാന്‍; സാധ്യതാ പട്ടികയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും
X

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിജയ് രൂപാണി രാജി സമര്‍പ്പിച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയാരെന്ന അഭ്യൂഹവും തുടരുകയാണ്. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ബിജെപിയുടെ മനസിലിരിപ്പ് എന്തെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മെയെ നിയോഗിച്ചതിന് സമാനമായ തലമുറമാറ്റമാണ് ഗുജറാത്തിലും നടക്കുന്നത് എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഒമ്പത് മാസങ്ങള്‍ മാത്രം തെരഞ്ഞെടുപ്പിന് ശേഷിക്കെ മുഖം മിനുക്കലിന്റെ ഭാഗമായാണ് വിജയ് രൂപാണിയുടെ രാജി എന്നാണ് വിലയിരുത്തല്‍.

ഇന്നുതന്നെ ഗുജറാത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനൊരുങ്ങുകയാണ് ബിജെപി എന്നാണ് വിവരം. ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിനായി നിരീക്ഷകരായ പ്രഹ്ലാദ് ജോഷിയും നരേന്ദ്രസിങ് തോമറും അഹമ്മദാബാദിലെത്തി. ഇന്നു നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ ഇവരും പങ്കാളികളാവും. ഗുജറാത്തിലെ പ്രബല വിഭാഗമായ പാട്ടീദാര്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നേതൃമാറ്റം എന്നും വിലയിരുത്തപ്പെടുന്നു. വിജയ് രൂപാണിയ്ക്ക് പകരം പരിഗണിക്കപ്പെടുന്നവരുടെ പട്ടികയും ഇതിന് ഉദാഹരണമാണ്.

നിലവിലെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരാണ് വിജയ് രുപാണിയുടെ പിന്‍ഗാമികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ പ്രഥമ പരിഗണന ലഭിക്കുന്ന വ്യക്തികള്‍. മിക്കവരും പട്ടേല്‍ വിഭാഗത്തിന് താല്‍പര്യമുള്ള നേതാക്കളാണെന്നതും പ്രത്യേകതയാണ്.

പട്ടേല്‍ വിഭാഗം ഗുജറാത്തില്‍ നിരന്തരം അവഗണിക്കപ്പെടുന്ന എന്ന പരാതി അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പു പരിഹരിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കവും നേതൃമാറ്റത്തിന് പിന്നിലുണ്ട്.

നേരത്തെ കോണ്‍ഗ്രസിന്റെ പ്രബല ശക്തിയായിരുന്നു പട്ടേല്‍ വിഭാഗം. ഇവരുടെ ചുവടുമാറ്റമാണ് ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതില്‍ സഹായിച്ചത്. എന്നാല്‍ അടുത്ത കാലത്തായി ബിജെപി തങ്ങളെ അവഗണിക്കുന്നുവെന്ന് ഇവര്‍ക്കിയടില്‍ ആശങ്കയുണ്ടായിരുന്നു. ഗുജറാത്തി്ല്‍ കോണ്‍ഗ്രസ് വീണ്ടും ശക്തി പ്രാപിച്ചു വരുന്നു എന്ന വിലയിരുത്തലും ബിജെപിയ്ക്കുണ്ട്.

പട്ടേല്‍ വിഭാഗ നേതാവായി വളര്‍ന്നുവന്ന ഹര്‍ദിഖ് പട്ടേലാണ് നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഈ സാഹചര്യം പാട്ടീദാര്‍ വിഭാദത്തെ കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേയ്ക്കുമെന്നും എന്ന ആശങ്കയും ബിജെപിയ്ക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിയിലും ഈ പരിഗണന വ്യക്തമാണ്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലും പട്ടേല്‍ വിഭാഗത്തെ നന്നായിതന്നെ പരിഗണിച്ചു. ശനിയാഴ്ച രാജി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് രൂപാണി പങ്കെടുത്ത ചടങ്ങ് പോലും ഇതിന് ഉദാഹരണമാണ്. പട്ടേല്‍ വിഭാഗക്കാരുടെ സര്‍ദാര്‍ ധാം ഭവന്റെ ഭൂമി പൂജയായിരുന്നു ഇത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങ് നിര്‍വഹിച്ചത്.

അതിനിടെ, അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച വിജയി രൂപാണിക്ക് പിന്നാലെ സംസ്ഥാനത്ത് ചുമതലയുള്ള ചില മന്ത്രിമാരേയും തല്‍സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്നാണ് സൂചന. വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്കുള്ള ധൈര്യകുറവാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൊവിഡ്19 പ്രതിസന്ധി കൈകാര്യം ചെയ്തത് ഉള്‍പ്പെടെ വിജയ് രൂപാണിക്കെതിരെ ഇതിനകം സംസ്ഥാനത്ത് അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മറ്റുമന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരേയും ലഭിച്ചിട്ടില്ല.

കേന്ദ്ര ആഭ്യമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ അമിത്ഷായുടെ അടുത്ത സുഹൃത്ത് കൂടിയാണ് വിജയ് രൂപാണി. കഴിഞ്ഞ ദിവസം അമിത്ഷായും വിജയ് രൂപാണിയും തമ്മില്‍ അപ്രതീക്ഷിത കൂടികാഴ്ച്ച നടത്തിയിരുന്നു. ഒരു രാത്രി നീളുന്നതായിരുന്നു കൂടികാഴ്ച്ച. പിന്നാലെയാണ് വിഡജയ് രൂപാണിയുടെ രാജി പ്രഖ്യാപനം.

Next Story

Popular Stories