Top

ബിജെപിയില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മുന്‍ സംസ്ഥാന സെക്രട്ടറി, പിന്നാലെ സസ്‌പെന്‍ഷന്‍

നസീറിന് പുറമെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

8 Oct 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മുന്‍ സംസ്ഥാന സെക്രട്ടറി, പിന്നാലെ സസ്‌പെന്‍ഷന്‍
X

കേരള ബിജെപിയിലെ പുനഃസംഘടയ്ക്ക് പിന്നാലെ ഉയര്‍ന്ന ഭിന്നത പൊട്ടിത്തെറിയിലേക്ക്. നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ രംഗത്ത്. തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നടപടിയില്ലെന്ന് വ്യക്തമാക്കിയ നസീര്‍ നേതൃത്വത്തിനെ വിശ്വാസമില്ലെന്നും വ്യക്തമാക്കുന്നു. നസീറിന്റെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് എകെ നസീറിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ബിജെപിയെ പിടിച്ചുലയ്ച്ച മെഡിക്കല്‍ കോളേജ് കോഴ ആരോപണം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എകെ നസീര്‍ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയത്. ബിജെപിയില്‍ ന്യൂനപക്ഷങ്ങളും പട്ടികജാതിക്കാരും ഒതുക്കപ്പെടുകയാണ്. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്ന നിലയാണ് നേതൃത്വത്തിനുള്ളത്. സി കെ പത്മനാഭനെ പോലെയുള്ളവര്‍ യെപ്പോലുള്ളവര്‍ തഴയപ്പെടുന്നു എന്നും നസീര്‍ കുറ്റപ്പെട്ടുത്തി.

പിന്നാലെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് നസീറിന് പുറമെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്ന നിലയാണ് സംഘടനയ്ക്ക് അകത്ത് എന്നാണ് നസീറിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലക്ഷക്കണക്കിന് വോട്ടിന്റെ കുറവുണ്ടായി. പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാനുള്ള അവസരം തരുന്നില്ല. താന്‍ പാര്‍ട്ടിയില്‍ വന്നിട്ട് 26 വര്‍ഷമായി, ഇക്കാലയളവില്‍ ന്യൂന പക്ഷ സമുദായത്തെ പരിഗണിക്കുന്ന ഒരു നിലയു ഉണ്ടായില്ല. ന്യൂനപക്ഷ പ്രതിനിധി എന്ന നിലയില്‍ തനിയ്ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിച്ചില്ല. ഇടുക്കിയില്‍ വെച്ച് തനിയ്ക്ക് മര്‍ദനമേറ്റപ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. വിഷയത്തില്‍ സികെ പത്മനാഭന്‍ മാത്രമാണ് ശരിയായ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി വിനിയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

Popular Stories