Top

'പഞ്ചാബ് എഎപി നേടും, പക്ഷേ ദില്ലി ചങ്കാണ്'; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവർത്തിച്ച് കെജ്രിവാള്‍

മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തെരഞ്ഞെടുപ്പിനായി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ എഎപി അവതരിപ്പിച്ചിട്ടില്ല

4 Dec 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് എഎപി നേടും, പക്ഷേ ദില്ലി ചങ്കാണ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്ന് ആവർത്തിച്ച് കെജ്രിവാള്‍
X

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബില്‍ വിജയം മാത്രമാണ് ആംആദ്മി പാർട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ശക്തമായി പ്രചാരണവുമായി മുന്നേറുന്ന എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം പല തവണ ആവർത്തിച്ചു കഴിഞ്ഞു. ഇതിനിടെ പുറത്തുവന്ന എബിപി സിവോട്ടർ സർവ്വേയും പഞ്ചാബിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എഎപി മാറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

എന്നാല്‍ ഈ സാഹചര്യത്തിലും മാസങ്ങള്‍ മാത്രം ശേഷിക്കുന്ന തെരഞ്ഞെടുപ്പിനായി ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എഎപി ചൂണ്ടിക്കാട്ടുന്നില്ല. ആദ്യ ഘട്ടത്തില്‍ തന്നെ താന്‍ സ്ഥാനാർത്ഥിത്വത്തിലേക്ക് ഇല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ ജനകീയതയും വികസന പ്രവർത്തനങ്ങളും പ്രധാന വിഷയങ്ങളായി മാറിയ പ്രചാരണത്തിന്റെ പല ഘട്ടത്തിലും ഡല്‍ഹി മുഖ്യമന്ത്രി പഞ്ചാബിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ശക്തിപ്പെടുത്തുണ്ട് എന്നതിനാല്‍ തിരുത്താന്‍ എഎപി നേതാക്കളാരും മുന്നോട്ടുവന്നിട്ടുമില്ല.

ഇതിനിടെ താന്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് ഇല്ലെന്ന് വീണ്ടും പ്രഖ്യാപിക്കുകയാണ് അദ്ദേഹം. 'അജണ്ട ആജ് തക്'ല്‍ ഇക്കാര്യത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞതിനെ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ് : 'ഡൽഹിയുടെ മകനാണ് അരവിന്ദ് കെജ്രിവാൾ, അവിടെ തന്നെ തുടരും. വലിയ സ്നേഹമാണ് എനിക്ക് ഡല്‍ഹി നല്‍കിയത്. ആ ഡല്‍ഹയില്‍ നിന്ന് എങ്ങോട്ടുമില്ല'.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും പഞ്ചാബില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും എഎപിക്ക് ഇതിന് സാധിച്ചിരുന്നില്ല. ഇതുസംബന്ധിച്ച അവതാരകന്റെ ചോദ്യത്തിന്, 'കഴിഞ്ഞ തവണ ശ്രമിച്ചു; ഇത്തവണയും ശ്രമിക്കും; അടുത്ത തവണ, കൂടുതൽ കഠിനമായി ശ്രമിക്കും' എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. എന്നാലിത്തവണ തീർച്ചായും വിജയമുണ്ടാകുമെന്നും പഞ്ചാബില്‍ എഎപി സർക്കാർ രൂപീകരിക്കുന്നത് രാജ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Next Story

Popular Stories