Top

എകെജി സെന്ററിന്റെ അകത്തളങ്ങളില്‍ പ്രവര്‍ത്തിച്ച കാലത്ത് പോലും ചെറിയാന്‍ ഫിലിപ്പ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗത്വമെടുത്തില്ല; എ കെ ആന്റണി

29 Oct 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എകെജി സെന്ററിന്റെ അകത്തളങ്ങളില്‍ പ്രവര്‍ത്തിച്ച കാലത്ത് പോലും ചെറിയാന്‍ ഫിലിപ്പ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗത്വമെടുത്തില്ല; എ കെ ആന്റണി
X

കോണ്‍ഗ്രസിലേക്കുള്ള മടക്കത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ കെ ആന്റണി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പാർട്ടി പ്രവേശത്തോടെ രാജ്യസഭാംഗത്വമുള്‍പ്പടെ സ്ഥാനങ്ങളൊന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിനുശേഷം എ കെ ആന്റണി രാജ്യസഭാ സീറ്റ് ഒഴിയാനിരിക്കെ മാധ്യമങ്ങളുന്നയിച്ച ചോദ്യത്തിനായിരുന്നു എ കെ ആന്റണിയുടെ മറുപടി. കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റാണ് പദവികള്‍ സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും കോണ്‍ഗ്രസിലേക്ക് വന്നാലുടന്‍ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എ കെ ആന്റണിയുടെ വാക്കുകള്‍:

സിപിഐഎമ്മിലെ ഏറ്റവും ഉന്നത നേതാക്കളുമായി അടുപ്പത്തോടെ പെരുമാറിയിരുന്ന കാലത്തോ എകെജി സെന്ററിലെ അകത്തളങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴും ചെറിയാന്‍ ഫിലിപ്പ് ഒരിക്കലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗത്വമെടുത്തില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരിക്കല്‍പോലും മാര്‍ക്‌സിറ്റ് പാര്‍ട്ടി അംഗത്വമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചെറിയാന്‍ ഫിലിപ്പ് ജീവിതകാലത്തില്‍ ആകെ സ്വീകരിച്ചിട്ടുള്ളത് കോണ്‍ഗ്രസ് അംഗത്വം മാത്രമാണ്. കോണ്‍ഗ്രസ് വിട്ടുനിന്നിട്ടും മറ്റൊരുപാര്‍ട്ടിയുടെ അംഗത്വമെടുക്കാന്‍ ചെറിയാന്‍ഫിലിപ്പിന് താത്പര്യയമുണ്ടായില്ല.

ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. പലകാര്യങ്ങളിലും ഭിന്നാഭിപ്രായമുണ്ടെങ്കിലും കോണ്‍ഗ്രസിലെ എല്ലാ തലങ്ങളിലെ നേതാക്കളും ചെറിയാന്‍ ഫിലിപ്പിന്റെ മടക്കത്തെ സ്വാഗതം ചെയ്തു. ഈ ഇരുപത് വര്‍ഷം കൊണ്ട് അവര്‍ക്ക് ചെറിയാനെ മനസിലാക്കാന്‍ കഴിഞ്ഞുകാണും.

നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആവശ്യമായ പരിഗണന കിട്ടില്ലെന്ന് തോന്നിയപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് വികാരപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് രണ്ട് മൂന്ന് വർഷത്തിനുള്ളില്‍ ഞങ്ങള്‍ തമ്മിലെ വ്യക്തിബന്ധം സാധാരണ നിലയിലായിരുന്നു. കേരളത്തിലും ഡല്‍ഹിയിലും വെച്ച് ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മഞ്ഞുരുകലിന്റെ ആവശ്യമില്ല. ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.

Next Story

Popular Stories