Top

'ചില മന്ത്രിമാര്‍ ആനന്ദ ലഹരിയില്‍ ആറാടുകയാണ്'; അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ നിലത്തിറങ്ങുമെന്ന് കെ ഇ ഇസ്മായില്‍

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടോ എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്നും കെ ഇ ഇസ്മായില്‍

25 Sep 2022 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചില മന്ത്രിമാര്‍ ആനന്ദ ലഹരിയില്‍ ആറാടുകയാണ്; അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ നിലത്തിറങ്ങുമെന്ന് കെ ഇ ഇസ്മായില്‍
X

പാലക്കാട്: എല്‍ഡിഎഫ് മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍. മന്ത്രിമാര്‍ പോരാ എന്ന നിലയ്ക്ക് ചില വിമര്‍ശനങ്ങളുണ്ടെന്ന് മുന്‍ റവന്യൂ മന്ത്രി പറഞ്ഞു. ചില വിഷയങ്ങളില്‍ കൃത്യമായ നിലപാട് എടുത്ത്, കണിശതയോടെ മന്ത്രിമാര്‍ പറയാത്തതിന്റെ പ്രശ്‌നമുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടോ എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിപിഐയുടെ മുന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.

'പരിചയക്കുറവ് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നത് ഓരോരുത്തരെ അടിസ്ഥാനപ്പെടുത്തി ഇരിക്കും. ഞാന്‍ മന്ത്രിയായപ്പോള്‍ പുതിയ മന്ത്രി ആയിരുന്നു. എന്നേക്കുറിച്ച് ചീത്ത അഭിപ്രായം അന്നും പിന്നീടും ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും സ്വീകാര്യമായാണ് പെരുമാറിയത്. സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ലഭിച്ച അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദി ആ മന്ത്രിമാര്‍ തന്നെയാണ്. ചിലര്‍ ആനന്ദ ലഹരിയില്‍ ആറാടുകയാണ്. മന്ത്രി ആയാല്‍ വേറെ ഏതോ ലോകത്താണെന്ന തോന്നലാണ്. ഞാന്‍ പഴയ ആള്‍ തന്നെ എന്ന് കരുതി പ്രവര്‍ത്തിച്ചാല്‍ ഈ പ്രശ്‌നം ഇല്ല. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും നിലത്തേക്ക് ഇറങ്ങി വരേണ്ടി വരുമെന്ന കാര്യം ഓര്‍മ്മിക്കണം,' കെ ഇ ഇസ്മായില്‍ പറഞ്ഞു.

സിപിഐ സമ്മേളനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുക സ്വാഭാവികമാണെന്നും മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരെ മാത്രമായി വിമര്‍ശനം എന്നില്ല. സാമ്പത്തികമായ വലിയ പ്രതിസന്ധി ഉണ്ടെങ്കിലും ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തി അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്. ആ പൊതുവായ അഭിപ്രായം എല്ലാ സിപിഐ സഖാക്കള്‍ക്കും ഉണ്ട്. സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ചിലത് പോരാ, ചിലത് ശരിയായില്ല എന്നെല്ലാം തോന്നാം. ഇക്കഴിഞ്ഞ കാലയളവില്‍ രണ്ട് മഹാപ്രളയങ്ങളും നിപ്പയും ഓഖിയും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സര്‍ക്കാര്‍ നേരിട്ടു. സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ പരിമിതികള്‍ കൂടി കണക്കിലെടുക്കണം. അത് അല്ലാതെ കുറ്റം കണ്ടെത്താന്‍ വേണ്ടി മാത്രം അത് ചെയ്യുന്ന രീതി സിപിഐ സഖാക്കള്‍ അവലംഭിച്ചിട്ടില്ല. പൊതുവില്‍ ഈ സര്‍ക്കാരിനേക്കുറിച്ച് മതിപ്പാണ് എല്ലാവരും പങ്കുവെയ്ക്കുന്നതെന്നും കെ ഇ ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: After five years you have to step down cpi leader k e ismail reminds ministers

Next Story

Popular Stories