Top

നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ കൗണ്‍സിലില്‍

5 Oct 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടന്‍ കൃഷ്ണകുമാര്‍ ബിജെപി ദേശീയ കൗണ്‍സിലില്‍
X

നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇന്ന് പുറത്തിറങ്ങിയ ഭാരവാഹി പട്ടികയിലാണ് കൃഷ്ണകുമാറിന് സുപ്രധാന പരിഗണന ലഭിക്കുന്നത്. അടുത്ത കാലത്ത് ബിജെപിയില്‍ സജീവമായ കൃഷ്ണകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളു. സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തില്‍ ബിജെപിയോട് അടുത്ത സിനിമ താരമായിരുന്നു കൃഷ്ണകുമാര്‍.

അതേസമയം, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ സുരേഷ് ഗോപി എംപി പരിഗണിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുനഃസംഘടനിയില്‍ സുരേഷ് ഗോപി ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേമാണ്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപി നാളികേര വികസന ബോര്‍ഡ് അംഗവുമാണ്.

അതിനിടെ, സംസ്ഥാന ബിജെപിയില്‍ ഇനിയും പുനഃസംഘടനയുണ്ടാവുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെയുള്ളവര്‍ അച്ചടക്കം പാലിച്ചിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പ്രതിരിച്ചു. പുനഃസംഘടനയില്‍ സംഘടനാ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിക്കൊണ്ടും പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണന്‍, ശിവന്‍കുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചുമായിരുന്നു ബിജെപിയിലെ പുനഃസംഘടന. പത്തനംതിട്ട, കോട്ടയം, പാലക്കാട്. വയനാട്, കാസറഗോഡ്, ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെ സുരേന്ദ്രന് തിരിച്ചടിയാണെന്നും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ലാതെയാണ് കേരള ബിജെപിയില്‍ പുനഃസംഘടന. ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. വനിതാ നേതാവ് ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷണനും വൈസ് പ്രസിഡന്റുമാരായി തുടരും. ഇ കൃഷ്ണകുമാര്‍ ട്രഷററാവും.

കെ ശ്രീകാന്ത്, ജെആര്‍ പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. കെവിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോള്‍, നാരായണന്‍ നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍ എന്നിവരാണ് പുതിയ വക്തമാക്കള്‍ പട്ടികയിലുള്ളത്. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. പത്തനംതിട്ടയില്‍ വി. എ സൂരജിനെയും കോട്ടയത്ത് ജി. ലിജിന്‍ ലാലിനെയും പാലക്കാട് കെ.പി മധുവിനെയും കാസര്‍ഗോഡ് രവീശതന്ത്രിയെും പുതിയ പ്രസിഡന്റുമാരാവും.

ദേശീയ കൗണ്‍സിലിലേക്ക് നടനായ ജി കൃഷ്ണകുമാറിന് പുറമെ ജി രാമന്‍ നായരെയും എംഎസ് സമ്പൂര്‍ണയെയും നിയോഗിച്ചിട്ടുണ്ട്. ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളിനെയും കിസാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി ആര്‍ നായരെയും നിയമിച്ചു. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കര്‍, സെല്‍ കോര്‍ഡിനേറ്ററായി അശോകന്‍ കുളനട, സോണല്‍ പ്രസിഡന്റുമാരായി കെ. സോമന്‍ (തിരുവനന്തപുരം), എന്‍ഹരി (എറണാകുളം സോണ്‍), വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍(പാലക്കാട് സോണ്‍) ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് സോണ്‍) എന്നിവരെയും പുതുതായി നിയോഗിച്ചു. കോ വൈ സുരേഷ് (തിരുവനന്തപുരം), എല്‍ പത്മകുമാര്‍(ഏറണാകുളം), കെ.പി സുരേഷ് (പാലക്കാട്), ജി കാശിനാഥ് (കോഴിക്കോട്) എന്നിവര്‍ സോണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായും നിയോഗിച്ചിട്ടുണ്ട്.

Next Story

Popular Stories