Top

ദിശാ രവിയുടെ അറസ്റ്റ്: ‘ഇന്ത്യ നിശബ്ദമായിരിക്കില്ല’,രാഹുൽ ഗാന്ധി,’ജനാധിപത്യത്തിനെതിരായുള്ള ആക്രമണം’,അരവിന്ദ് കെജരിവാൾ

അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്ത വരികളിൽ ‘സംസാരിക്കൂ നിങ്ങളുടെ ചുണ്ടുകൾ സ്വതന്ത്രമാണ്..സംസാരിക്കൂ സത്യം ഇന്നും ജീവനോടെയുണ്ട്..അവർക്കാണ് ഭയം രാജ്യത്തിനല്ല ‘, എന്നുമാണ്.

15 Feb 2021 3:19 AM GMT

ദിശാ രവിയുടെ അറസ്റ്റ്: ‘ഇന്ത്യ നിശബ്ദമായിരിക്കില്ല’,രാഹുൽ ഗാന്ധി,’ജനാധിപത്യത്തിനെതിരായുള്ള ആക്രമണം’,അരവിന്ദ് കെജരിവാൾ
X

ന്യൂ ഡൽഹി: ഗ്രെറ്റ തുൻബർഗ് പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചു എന്ന പേരിൽ അറസ്റ്റു ചെയ്യപ്പെട്ട ദിശാ രവിയുടെ അറസ്റ്റിനെ അപലപിച്ചു രാഷ്ട്രീയ പ്രമുഖർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ‘ഇന്ത്യ നിശബ്ദമായിരിക്കില്ല ‘ എന്നാണ്. അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്ത വരികളിൽ ‘സംസാരിക്കൂ നിങ്ങളുടെ ചുണ്ടുകൾ സ്വതന്ത്രമാണ്..സംസാരിക്കൂ സത്യം ഇന്നും ജീവനോടെയുണ്ട്..അവർക്കാണ് ഭയം രാജ്യത്തിനല്ല ‘, എന്നാണ്. അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ പ്രസ്തുത വാർത്തയുമായി ബന്ധപ്പെട്ട രണ്ട് സ്ക്രീൻഷോട്ടുകളും ഉണ്ട്.

ഇന്ത്യ ഒരു അസംബന്ധ നാടകമായി മാറിയിരിക്കുകയാണെ ‘ന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ദിശാ രവിയെന്ന 22കാരിയായ പരിസ്ഥിതി പ്രവർത്തക രാജ്യത്തിന് ഭീഷണിയായി മാറിയെങ്കിൽ ഇന്ത്യ വളരെ അസ്ഥിരമായ അടിത്തറയിൽ നിൽക്കുകയാകും‘, ചിദംബരം ട്വീറ്റിലൂടെ പറഞ്ഞു.

ദിശയുടെ അറസ്റ്റ് ‘ലജ്ജാകര’മാണെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് വിശേഷിപ്പിച്ചത്. ‘ഇന്ത്യയെ നിശബ്ദമാക്കുന്നു’ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. കപിൽ സിബൽ, ജയറാം രമേശ് തുടങ്ങിയ നിരവധി രാഷ്ട്രീയ പ്രമുഖരാണ് ദിശയുടെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.

‘ഈ നടപടി കർഷകരുടെ പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് രാജ്യത്തെ യുവാക്കളെ ഉണർത്തുക’യാണെന്ന് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

’21 വയസുള്ള ദിശാ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനെതിരായ കീഴ്വഴക്കമില്ലാത്ത ആക്രമണമാണ്. നമ്മുടെ കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകരമല്ല’, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

ദിശാ രവിക്കെതിരെ കടുത്ത ആരോപണമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ദിശയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്വാധീനിച്ചെന്നും ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ഖലിസ്ഥാന്‍ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാന്‍ ദിശ ശ്രമിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദിശാ രവിയെ പട്യാല കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, ടൂൾകിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദിഷ പട്യാല കോടതിയെ അറിയിച്ചു. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ദിഷ രവി പറഞ്ഞു.

മലയാളിയായ നിഖിത ജേക്കബിനെതിരായ അറസ്റ്റു വാറണ്ടിലും പ്രതിഷേധം ശക്തമാവുകയാണ്. ജാമ്യമില്ല അറസ്റ്റ് വാറണ്ടാണ് നിഖിതക്കെതിരെ ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകയുമാണ് നിഖിത ജേക്കബ്. നിഖിത ഒളിവിലാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Next Story