
തദ്ദേശ സ്വംയഭരണ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ എല്ലാ മണ്ഡലങ്ങളിലും അനുയോജ്യരായ സ്ഥാനാർത്ഥികളെ വിന്യസിക്കാനുള്ള തിരക്കിലാണ് പാർട്ടികൾ. വാശിയേറിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം രസകരമായ ചില സംഗതികൾക്കും തെരഞ്ഞെടുപ്പ് വേദികൾ സാക്ഷിയാകാറുണ്ട്. ഇക്കുറി കൊല്ലം ജില്ലയിലെ പനച്ചിവിളയിൽ നിന്നും കേൾക്കുന്നതും അത്തരമൊരു വാർത്തയാണ്. സിപിഎമ്മും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഒരേ വീട്ടില്‍ നിന്ന് തന്നെ കണ്ടുപിടിച്ചിരിക്കുകയാണ്.
കൊല്ലം ഇടമുളയ്ക്കല്‍ പനച്ചിവിള ഏഴാം വാര്‍ഡിലാണ് അമ്മയും മകനും ബിജെപിക്കും സിപിഎമ്മിനും വേണ്ടി പരസ്പരം ഏറ്റ് മുട്ടുന്നത്. സുധര്‍മ്മ ദേവരാജ് ബിജെപിക്ക് വേണ്ടിയും മകന്‍ ബിനു രാജ് എല്‍ഡിഎഫിന് വേണ്ടിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മകനെതിരായ വിജയം ഉറപ്പാണെന്ന് സുധര്‍മ്മ പറയുന്നു. എന്നാല്‍ അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോടാണ് മല്‍സരിക്കുന്നതെന്നാണ് ബിനു രാജിന്റെ നിലപാട്.
രണ്ട് സ്ഥാനാര്‍ഥികളും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുമാണെങ്കിലും അമ്മയും മകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തില്‍ യാതൊരു ഉലച്ചിലുമില്ല. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ബിനു രാജ് രാവിലെ തന്നെ പ്രചാരണത്തിനിറങ്ങുന്നത്. പ്രചാരണത്തിനിറങ്ങാന്‍ അമ്മ സുധര്‍മ്മയുടെ സാരി ഇസ്തിരി ഇട്ട് നല്‍കുന്നത് ബിനു രാജാണ്. സ്‌നേഹത്തിന്റെ ഭാഷയിലൂടെ തന്നെ രാഷ്ട്രീയത്തില്‍ മത്സരിക്കുകയാണ് ഈ അമ്മയും മകനും.