‘സുരേന്ദ്രനെതിരായ കുരുക്ക് മുറുകുന്നു, രക്ഷപ്പെടുത്താന്‍ അമിത് ഷാ രംഗത്തിറങ്ങേണ്ടി വരും’; അധ്യക്ഷ കസേരയ്ക്ക് കുമ്മനം ‘റെഡി’
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രന് മാറിനില്‍ക്കേണ്ടി വന്നാല്‍ ആരാവും പാര്‍ട്ടിയെ നയിക്കുകയെന്നതും ബിജെപിക്ക് മുന്നിലുള്ള ഗൗരവമേറിയ പ്രതിസന്ധിയാണ്.
22 Jun 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സികെ ജാനുവിനെ എന്‍ഡിഎയുടെ ഭാഗമായി നില്ക്കാന് കോഴ നല്‍കിയെന്ന വിവാദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ കേന്ദ്ര ബിജെപി നേതാക്കള്‍ കെ. സുരേന്ദ്രന് വേണ്ടി നേരിട്ടിറങ്ങിയേക്കും. നേരത്തെ ഡെല്‍ഹിയിലെത്തി കെ. സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍ മറ്റു വഴികളൊന്നും സുരേന്ദ്രന് മുന്നിലില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന കേസുകളില്‍ അറസ്റ്റുണ്ടായാല്‍ സംസ്ഥാനത്ത് ബിജെപിയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടും. ഇതൊഴിവാക്കാന്‍ ദേശീയ നേതൃത്വത്തില്‍ ശക്തനായ ഒരു നേതാവിനെ അമിത് ഷാ നിയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രന് മാറിനില്‍ക്കേണ്ടി വന്നാല്‍ ആരാവും പാര്‍ട്ടിയെ നയിക്കുകയെന്നതും ബിജെപിക്ക് മുന്നിലുള്ള ഗൗരവമേറിയ പ്രതിസന്ധിയാണ്. ജയിലില്‍ പോകേണ്ടി വന്നാലും പികെ കൃഷ്ണദാസ് പക്ഷത്തിനും ശോഭാ സുരേന്ദ്രനും അധികാരം കൈമാറാന്‍ സുരേന്ദ്രന് തയ്യാറാവില്ല. ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുമ്മനം രാജശേഖരന് തന്നെയാണ് ഏറ്റവും സാധ്യതയുള്ള നേതാവ്. കുമ്മനത്തെ എതിര്‍ത്ത് വി. മുരളീധരനും രംഗത്തുവരാന്‍ സാധ്യതയില്ലാത്തതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ദേശീയ നേതൃത്വത്തിനും വലിയ അതൃപ്തിയില്ലാത്ത നേതാവാണ് കുമ്മനം രാജശേഖരന്.
കെ. സുരേന്ദ്രനെ പൂട്ടാന്‍ പ്രസീത അഴിക്കോട്

സികെ ജാനുവുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് പ്രസീത അഴിക്കോട് സുരേന്ദ്രനെതിരായ നിലപാടെടുക്കാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. സികെ ജാനുവിന് 10 ലക്ഷം കൈമാറിയെന്ന വിവരം ആദ്യം പുറത്തുവിട്ട പ്രസീത പിന്നീട് തുടര്‍ച്ചയായി ആരോപണങ്ങളുമായി രംഗത്തുവന്നു. കൊടകര കുഴല്‍പ്പണ കേസ് സുരേന്ദ്രന്റെ തലയിലേക്ക് എന്ന് തോന്നിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസീത കരുക്കള്‍ നീക്കിയത്. ഇത് രാഷ്ട്രീയ ആഘാതമുണ്ടാക്കിയത് ബിജെപിക്കായിരുന്നു. പല നേതാക്കളും പരസ്യമായി കെ. സുരേന്ദ്രനെ പിന്തുണച്ചത് പാര്‍ട്ടിയെ സംരക്ഷിക്കാനാണെന്നും അഭ്യൂഹങ്ങളുണ്ട്.
ബിജെപി അധ്യക്ഷന്റെ പേരില്‍ അവസാനമായി പ്രസീത പുറത്തുവിട്ട ഓഡിയോയില്‍ പണം ഏര്‍പ്പാടാക്കിയത് സംഘടനാ സെക്രട്ടറി എം ഗണേഷാണെന്ന് തുറന്ന് പറയുന്നുണ്ട്. ആര്‍എസ്എസിലേക്ക് കാര്യങ്ങളെത്തുന്നതിന്റെ സൂചനയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. ശബരിമലയില്‍ ഉള്‍പ്പെടെ ബിജെപിയുടെ നയപരമായ നീക്കങ്ങള്‍ പോലും ആസൂത്രണം ചെയ്തത് ആര്‍എസ്എസ് ബുദ്ധി കേന്ദ്രങ്ങളാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ട്. ഹവാല പണം സംസ്ഥാനത്ത് ഒഴുക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചുവെന്ന് കണ്ടെത്തിയാല്‍ അത് എന്‍ഡിഎയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കും.
‘ഗണേഷ് ജിയാണ് അവിടത്തെ കാര്യങ്ങല്‍ കൈകാര്യം ചെയ്യുന്നത്. ഞാന്‍ ഇവിടെ കാന്‍ഡിഡേറ്റ് അല്ലേ, എനിക്ക് അങ്ങനത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് സികെ ജാനുവിനോട് തിരിച്ച് വിളിക്കാന്‍ പറയണം.’ എന്നാണ് പ്രസീത പുറത്തുവിട്ട അവസാന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. ജാനുവിന് നല്‍കിയത് 25 ലക്ഷം രൂപയാണ്. നേരത്തെ കൈമാറിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ 25 ലക്ഷം നല്‍കിയതെന്നും പ്രസീത പറയുന്നു.