
നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഓരോ പോസ്റ്റിനെതിരെയും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അച്ഛനെ അടക്കാനുള്ള കുഴിയെടുക്കവെ മകനോട് ദാര്‍ഷ്ട്യത്തോടെ സംസാരിച്ച ഉദ്ദ്യോഗസ്ഥനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
അച്ഛനെ അടക്കാന്‍ കുഴിയെടുക്കുന്ന മകനോട് കുഴിയെടുക്കല്‍ നിര്‍ത്താന്‍ ആക്രോശിക്കുന്ന പൊലീസുകാരന്‍, തങ്ങളുടെ അച്ഛന്‍ മരിച്ചു എന്ന് പറയുന്ന മകനോട് ‘അതിന് ഞാന്‍ എന്തു വേണം’ എന്നാണ് ആ പൊലീസുകാരന്‍ ചോദിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ഇതാണോ പൊലീസ് മാമന്റെ രീതി’ , ‘നിങ്ങളെ പോലെയുള്ളവരല്ലെ കേരള പൊലീസില്‍ ഉള്ളത്’ തുടങ്ങിയ കമന്റുകളാണ് പേജില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം രാജന്റെ അയല്‍വാസിയും പരാതിക്കാരിയുമായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ക്രമസമാധാനപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി. രാജന്റയും ഭാര്യയുടെയും ആത്മഹത്യയില്‍ നാട്ടുകാര്‍ ഒന്നാകെ വസന്തക്കെതിരെ തിരിഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. വസന്തയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും വിഷയം മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22-ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസിന്റെ വീഴ്ച അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.
- TAGS:
- Neyyattinkara