‘കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെ’; എത്തിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് പൊലീസ് കോടതിയില്‍
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിച്ച ഹവാലാ പണമാണ് കവര്‍ച്ച ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. അതേസമയം, കൊടകരയില്‍ പിടികൂടിയ പണം ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് […]
15 Jun 2021 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിച്ച ഹവാലാ പണമാണ് കവര്‍ച്ച ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.
അതേസമയം, കൊടകരയില്‍ പിടികൂടിയ പണം ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജിയെ പോലീസ് എതിര്‍ത്തത്.
പോലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പണവും കാറും വിട്ടു നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. മാത്രവുമല്ല തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്നും സൂചിപ്പിക്കുന്നുണ്ട്. കേസില്‍ ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം തീരും വരെ പണം വിട്ടു നല്‍കാനാവില്ല. ധര്‍മരാജന്‍ പോലീസില്‍ നല്‍കിയ മൊഴിയിലും കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളിലുമുള്ള വൈരുധ്യവും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു എന്നാണ് ധര്‍മരാജന്റെ വാദം. 25 ലക്ഷം രൂപ തന്റേതാണെന്ന് സുനില്‍ നായിക്കും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. ഡ്രൈവര്‍ ഷംജീറാണ് കാര്‍ വിട്ടു നല്‍കണം എന്ന ഹര്‍ജി നല്‍കിയത്. പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജികള്‍ ഈ മാസം 23 ലേക്ക് മാറ്റി.