
തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ പരാതിക്കാരെ ഭീഷണിപ്പെടുത്തി. പരാതിയുമായെത്തിയ സുദേവനോടും മകളോടുമാണ് എഎസ്ഐ മോശമായി പെരുമാറിയത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്ഐ തട്ടിക്കയറിയതായാണ് റിപ്പോര്‍ട്ട്.
എഎസ്ഐ ഗോപന് പരാതിക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്നെ വീടുകയറി ആക്രമിക്കാന്‍ വന്ന സംഭവത്തില്‍ പരാതി നല്കാന് വന്നതാണെന്ന് പരാതിക്കാരന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
എന്നാല്‍ പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് എഎസ്ഐ വളരെ പരുഷമായ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. മോശം പെരുമാറ്റത്തിന്റെ പേരില്‍ എഎസ്ഐ ഗോപനെ ഡിജിപി സ്ഥലം മാറ്റി.
താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അക്ഷേപിച്ചതെന്നാണ് സുദേവന് പറയുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഡിഐജിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
- TAGS:
- Neyyar