Top

അര്‍ണബിനെ എന്തുകൊണ്ടിനിയും അറസ്റ്റ് ചെയ്തില്ല? വിശദീകരണവുമായി മുംബൈ പൊലീസ്; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ണബ് ഗോസ്വാമി

മാനനഷ്ടക്കേസുമായി അവര്‍ മുന്നോട്ട് പോകട്ടെയെന്നും ഇത് പകതീര്‍ക്കല്‍ അല്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ മറുപടി.

9 Oct 2020 12:00 AM GMT

അര്‍ണബിനെ എന്തുകൊണ്ടിനിയും അറസ്റ്റ് ചെയ്തില്ല? വിശദീകരണവുമായി മുംബൈ പൊലീസ്; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ണബ് ഗോസ്വാമി
X

ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച കേസില്‍ മറ്റ് രണ്ട് ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ട് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി മുംബൈ പൊലീസ്. മുബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് ഇന്ത്യ ടുഡേ മാധ്യമത്തിലൂടെ വിഷയത്തില്‍ വ്യക്തത വരുത്തിയത്. അറസ്റ്റ് ചെയ്ത ഫക്ത് മരാത്തി ടിവിയുടേയും ബോക്‌സ് സിനിമ ടിവിയുടേയും ഉടമകള്‍ക്കെതിരെ കൃത്യമായ തെളിവുലഭിച്ചിട്ടുണ്ടെന്നും വലിയ മാധ്യമസ്ഥാപനമായ റിപ്പബ്ലിക് ടിവിയുടെ കാര്യത്തില്‍ പക്ഷേ എല്ലാ തട്ടുകളിലെ ഉദ്യോഗസ്ഥരിലേക്കും സമഗ്രമായ അന്വേഷണം നീളേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘ഇതിന് സമയമാവശ്യമാണ്. തട്ടിപ്പുമായി നേരിട്ട് ബന്ധപ്പെട്ടത് ഏത് ജീവനക്കാരനാണ്, ഏത് വിഭാഗമാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ മാത്രമേ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് നീങ്ങാനാകൂ’. അദ്ദേഹം പറഞ്ഞു.


അതേസമയം ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് നടത്തി എന്നത് വാസ്തവവിരുദ്ധമായ കാര്യമാണെന്ന് റിപ്പബ്ലിക് ടിവി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. മുംബൈ പൊലീസ് കമ്മീഷണറിനെതിരെ ചാനലുടമ അര്‍ണബ് ഗോസ്വാമി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പരംബീര്‍ സിംഗ് രാജിവെക്കണമെന്നും ചാനല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ചിട്ടില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളിലെത്തിച്ചപ്പോള്‍ ചാനല്‍ റേറ്റിംഗ് സ്വാഭാവികമായി ഉയര്‍ന്നതാണെന്നും ചാനല്‍ വിശദീകരിച്ചു. നടന്റെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് മുംബൈ പൊലീസ് തങ്ങളോട് പകപോക്കുകയാണെന്നും റിപ്പബ്ലിക് ടിവി ആരോപിച്ചിരുന്നു. മാനനഷ്ടക്കേസുമായി അവര്‍ മുന്നോട്ട് പോകട്ടെയെന്നും ഇത് പകതീര്‍ക്കല്‍ അല്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ മറുപടി.

ടിആര്‍പി റേറ്റിംഗ് വിവാദമായതോടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള മൂന്ന് ചാനലുകള്‍ക്ക് ബിസിനസ് രംഗത്തുനിന്നും തിരിച്ചടികള്‍ നേരിട്ടിരുന്നു. സമൂഹത്തില്‍ വിഷം പരത്തുന്ന ഈ മൂന്ന് ചാനലുകള്‍ക്കും പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നു.
ആകെ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ചതായി കണ്ടെത്തിയെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിലൂടെ മുംബൈ പൊലീസ് അധികൃതരുടെ വെളിപ്പെടുത്തല്‍.

നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒപ്പം റേറ്റിംഗില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുക എന്നും പൊലീസ് മേധാവി പരമവീര്‍ സിംഗ് പറഞ്ഞു.

ചാനലിന്റെ റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഉപയോഗിക്കുകയും പിന്നീട് ഇതില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നിയമവിരുദ്ധമായി നേടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Next Story