Top

‘ആ ഡിജെ ഒന്ന് നിര്‍ത്തണം’; പൊലീസ് പ്ലേ ചെയ്യുന്ന ദേശഭക്തിഗാനങ്ങള്‍ കൊണ്ടുപൊറുതിമുട്ടിയെന്ന് കര്‍ഷകര്‍; സര്‍ക്കാരിനുമുന്നില്‍ ആവശ്യമുന്നയിക്കും

വെല്ലുവിളികള്‍ക്കിടയില്‍ ദേശഭക്തിഗാനങ്ങളും തങ്ങളെ വലയ്ക്കുന്നുണ്ടെന്ന് കര്‍ഷകസംഘടനകള്‍ പ്രസ്താവയിറക്കി.

2 Feb 2021 12:54 AM GMT

‘ആ ഡിജെ ഒന്ന് നിര്‍ത്തണം’; പൊലീസ് പ്ലേ ചെയ്യുന്ന ദേശഭക്തിഗാനങ്ങള്‍ കൊണ്ടുപൊറുതിമുട്ടിയെന്ന് കര്‍ഷകര്‍; സര്‍ക്കാരിനുമുന്നില്‍ ആവശ്യമുന്നയിക്കും
X

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തെ തകര്‍ക്കാനായി പൊലീസ് ദേശഭക്തിഗാനങ്ങളെപ്പോലും ഉപയോഗിക്കുകയാണെന്ന പരാതിയുമായി കര്‍ഷകസംഘടനകള്‍. സമരമുഖത്ത് നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ലൗഡ് സ്പീക്കറുകളിലൂടെ ദേശഭക്തിഗാനങ്ങള്‍ നിരന്തരം പ്ലേ ചെയ്യുന്നത് തങ്ങള്‍ക്ക് ബുദ്ധമുട്ടാകുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന ശബ്ദത്തോടെ നിരന്തരം ഗാനങ്ങള്‍ മുഴങ്ങുന്നതുമൂലം തങ്ങള്‍ക്ക് മറ്റുള്ളവരോട് കൃത്യമായി സംവദിക്കാന്‍ പോലുമാകില്ലെന്നാണ് കര്‍ഷകരുടെ പരാതി. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായുള്ള അടുത്ത കൂടിക്കാഴ്ച്ചയില്‍ ഡിജെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും കര്‍ഷകര്‍ അറിയിച്ചു.

റോഡുകളും അതിര്‍ത്തികളും അടച്ചുപൂട്ടിയതുമൂലം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കടുത്ത ഭക്ഷ്യക്ഷാമമുള്‍പ്പെടെ നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വെല്ലുവിളികള്‍ക്കിടയില്‍ ദേശഭക്തിഗാനങ്ങളും തങ്ങളെ വലയ്ക്കുന്നുണ്ടെന്ന് കര്‍ഷകസംഘടനകള്‍ പ്രസ്താവയിറക്കി. പ്രശസ്ത ബോളിവുഡ് സിനിമയായ ബോര്‍ഡറിലെ സന്ദേശേ ആതെ ഹൈന്‍ എന്ന എന്ന ഗാനമാണ് പൊലീസ് നിരന്തരമായി പ്ലേ ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ആവേശം പകരാനായാണ് ദേശഭക്തിഗാനങ്ങള്‍ പ്ലേ ചെയ്യുന്നതെന്നാണ് വിഷയത്തില്‍ അധികൃതരുടെ വിശദീകരണം.

ദില്ലിയുടേയും ഹരിയാനയുടേയും പ്രധാനഭാഗങ്ങളിലെല്ലാം തന്നെ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

Next Story