20 വര്‍ഷം ജോലി ചെയ്തിട്ടും ആനുകൂല്യമില്ലാതെ പിരിച്ചുവിടല്‍; രവി പിള്ളയ്ക്കെതിരെ സമരത്തിന് പോയ തൊഴിലാളികളെ വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ്

നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്ക്കെതിരെ സമരം ചെയ്യാന്‍ തലസ്ഥാനത്തേക്ക് യാത്ര തിരിച്ച തൊഴിലാളികളുടെ സംഘത്തെ വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലം ചിന്നക്കടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്‍എസ്എച്ച് കോര്‍പറേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട 65ഓളം പേരെ പൊലീസ് ബസ് അടക്കം പിടികൂടുകയായിരുന്നു. 20 വര്‍ഷത്തിലേറെ സര്‍വ്വീസുണ്ടായിരുന്ന തങ്ങളെ യാതൊരു ആനുകൂല്യവും നല്‍കാതെ രവി പിള്ള കൊവിഡ് കാലത്ത് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍.
ഓച്ചിറയില്‍ നിന്ന് തലസ്ഥാനത്തേക്ക് വാടക ബസില്‍ പുറപ്പെട്ട പ്രവാസി തൊഴിലാളികളുടെ യാത്ര 30 കിലോമീറ്ററിനപ്പുറം നീണ്ടില്ല. ചിന്നക്കടയില്‍ വെച്ച് പൊലീസ് ബസ് തടഞ്ഞു. 65ഓളം പേരെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷം ഒഴിവാക്കാന്‍ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. പ്രതിഷേധിക്കാന്‍ യാത്ര തുടങ്ങിയപ്പോഴേക്കും കസ്റ്റഡിയില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ന്നതോടെ പൊലീസ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇത് പ്രവാസി തൊഴിലാളികള്‍ തന്നെ നിഷേധിച്ചിട്ടുണ്ട്.
സമരക്കാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍ നാടന്‍ പൊലീസ് സ്റ്റേഷനിലെത്തി. തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്നാടന് സ്റ്റേഷനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ സൗദി കമ്പനി എന്‍എസ്എച്ച് കോര്പറേഷന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പരാതി നല്കി. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ 11 മുഖ്യമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും നാല് മാസം മുന്‍പേ പരാതി നല്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരാതി ബോധിപ്പിച്ചിട്ടും അനുകൂല നടപടികളുണ്ടാകാത്തതിനേത്തുടര്ന്നാണ് പ്രവാസി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ജനുവരി 30ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിന് പുറത്ത് 163 തൊഴിലാളികള്‍ ധര്‍ണ നടത്തിയി. രണ്ടാം ഘട്ടമെന്ന നിലയില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചാണ് പൊലീസ് ഇന്ന് വഴിയില്‍ വെച്ച് തടഞ്ഞത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷവും നീതി ലഭിച്ചില്ലെങ്കില്‍ രവി പിള്ളയുടെ കൊല്ലത്തെ വസതിയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു.