Top

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യും; മൂവരും ഒളിവിലെന്ന് സൂചന, തെരഞ്ഞ് പൊലീസ്

ഇവരെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

10 Oct 2020 12:18 AM GMT

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യും; മൂവരും ഒളിവിലെന്ന് സൂചന, തെരഞ്ഞ് പൊലീസ്
X

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ നിര്‍മ്മിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറയ്ക്കലിനെയും ദിയ സനയെയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാല്‍ മൂവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇതോടെയാണ് ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ വലിയ കുറ്റവാളികളല്ലാത്തതിനാലും സ്ത്രീകളായതിനാലും ആ പരിഗണന നല്‍കിയായിരിക്കണം മുന്നോട്ടുള്ള നടപടികള്‍ എന്നാണ് നിര്‍ദേശം.

ജാമ്യാപേക്ഷ തള്ളിയ കോടതി സംഘത്തിന്റെ പ്രവൃത്തി സംസ്‌കാരമുള്ളതല്ലെന്ന് വിമര്‍ശിച്ചിരുന്നു. ആര്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് പ്രേരണയാകുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ നിയമവും സമാധാനവും സംരക്ഷിക്കാനുള്ള കോടതിയുടെ ബാധ്യത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഓഗസ്റ്റ് 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ വിജയ് പി നായരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു, സാധനങ്ങള്‍ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

Next Story