ഡല്‍ഹി കലാപം: പ്രതികള്‍ക്കായി പൊലീസ് പ്രതിരോധം സൃഷ്ടിക്കുന്നു; അന്വേഷണം പരിഹാസ്യമെന്ന് കോടതി
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി കോടതി. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഗൗരവത്തിലെടുക്കാതെ അപഹാസ്യമാക്കിയെന്നും കോടതി കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്ക് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് 25,000 രൂപ പിഴയിടുകയും ചെയ്തു. ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കിടെ വെടിയേറ്റ് ഒരു കണ്ണ് നഷ്ടമായ മുഹമ്മദ് നസീര്‍ എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി […]
14 July 2021 9:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി കോടതി. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഗൗരവത്തിലെടുക്കാതെ അപഹാസ്യമാക്കിയെന്നും കോടതി കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്ക് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് 25,000 രൂപ പിഴയിടുകയും ചെയ്തു. ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കിടെ വെടിയേറ്റ് ഒരു കണ്ണ് നഷ്ടമായ മുഹമ്മദ് നസീര്‍ എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം.
മുഹമ്മദ് നസീര്‍ ഒരു വര്‍ഷം മുമ്പ് നല്കിയ പരാതിയില്‍ പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു വിചാരണകോടതിയുടെ വിമര്‍ശനം. കേസ് പരിശോധിച്ച ഭജന്‍പുര പോലീസ് സ്റ്റേഷന്റെ എസ്എച്ച്ഒയ്ക്കും അദ്ദേഹത്തിന്റെ മേല്‍നോട്ട ഉദ്യോഗസ്ഥര്‍ക്കുമാണ് പിഴ ചുമത്തിയത്. കേസ് അന്വേഷണത്തിന്റെയും മേല്‍നോട്ടത്തിന്റെയും നിലവാരം ഉയര്‍ത്താന്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച ജഡ്ജി കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ‘വളരെ ഞെട്ടിക്കുന്ന ഒരു അവസ്ഥ’ വെളിപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് നസീറിന്റെ പരാതിയില്‍ 2020 ഒക്ടോബറില്‍ 24 മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19 ന് തന്റെ വസതിക്ക് സമീപം ഉണ്ടായ വെടിവെയ്പില്‍ ഇടതുകണ്ണിന് വെടിയേറ്റെന്നായിരുന്നു പരാതി. അയല്‍ക്കാരനായ നരേഷ് ത്യാഗിയാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു പരാതി. കേസില്‍ നിരവധി പേരുടെ പേര് നസീര്‍ വെളിപ്പെടുത്തിയിരുന്നു. ‘താന്‍ മറ്റൊരു സമുദായത്തില്‍ പെട്ടയാളാണ്’ എന്ന് ആരോപിച്ച് വെടിവച്ചെന്നായിരുന്നു പരാതി. അയല്‍ക്കാരായ സുഭാഷ് ത്യാഗി, ഉത്തം ത്യാഗി, സുശീല്‍, നരേഷ് ഗൗര്‍ എന്നിവരുടെ പേരുകളും പരാതിയില്‍ രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, നസീര്‍ അടക്കം ആറുപേര്‍ക്ക് വെടിയേറ്റതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നസീര്‍ പരാതിയില്‍ പറയുന്ന വ്യക്തികള്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇതില്‍ പറയുന്ന രണ്ടുപേര്‍ അന്നേ ദിവസം ഡല്‍ഹിയില്‍ പാലും ഉണ്ടായിരുന്നില്ലെന്നും കോടതിയില്‍ നിലപാട് എടുക്കുകയായിരുന്നു. ഡല്‍ഹി പൊലീസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഭജന്‍പുര എസ്എച്ച്ഒയും മറ്റു മേലുദ്യോഗസ്ഥരും തങ്ങളുടെ ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കുന്നതിലും പൊലീസ് പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
- TAGS:
- Delhi Police
- Delhi Riots