Top

വെടിയുണ്ടയോട് ആക്ഷന്‍ പറഞ്ഞത് അമല്‍ നീരദോ?, തെലുങ്ക് ഹീറോകള്‍ക്ക് കടുത്ത ഭീഷണി; പൊല്‍ ആപ്പിന്റെ സ്പൂഫ് വീഡിയോ ഏറ്റെടുത്ത് കേരളം

ട്രോളിനൊപ്പം കേരള പൊലീസിന്റെ ക്രിയാത്മകതയേയും സാമര്‍ഥ്യത്തേയും ആളുകള്‍ കമന്റ് ബോക്‌സിലൂടെ അഭിനന്ദിക്കുന്നുമുണ്ട്.

16 April 2021 11:32 PM GMT

വെടിയുണ്ടയോട് ആക്ഷന്‍ പറഞ്ഞത് അമല്‍ നീരദോ?, തെലുങ്ക് ഹീറോകള്‍ക്ക് കടുത്ത ഭീഷണി; പൊല്‍ ആപ്പിന്റെ സ്പൂഫ് വീഡിയോ ഏറ്റെടുത്ത് കേരളം
X

കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പൊല്‍ ആപ്പിന്റെ പുതിയ സ്പൂഫ് വീഡിയോ ഏറ്റെടുത്ത് കേരളം. ആപ്പിന്റെ സേവനങ്ങളും പ്രസക്തിയും അല്‍പ്പം കുസൃതിയോടെ അവതരിപ്പിച്ചിരുക്കുന്ന വീഡിയോ ഇന്നലെ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ വന്നയുടന്‍ തന്നെ വീഡിയോ ട്രോളുകള്‍ കൊണ്ട് പൊതിയുകയാണ് നെറ്റിസണ്‍സ്. ട്രോളിനൊപ്പം കേരള പൊലീസിന്റെ ക്രിയാത്മകതയേയും സാമര്‍ഥ്യത്തേയും ആളുകള്‍ കമന്റ് ബോക്‌സിലൂടെ അഭിനന്ദിക്കുന്നുമുണ്ട്.

ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്നും ഒരു യുവാവിനെ കേരള പൊലീസ് രക്ഷിക്കുന്നതാണ് ഒരു മിനിറ്റും 55 സെക്കന്റുമുള്ള വീഡിയോയില്‍ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. തോക്കില്‍ നിന്ന് വെടുയുണ്ട പാഞ്ഞെത്താനെടുക്കുന്ന സമയവും പൊലീസ് ഓഫീസര്‍ വെടിയുണ്ട പിടിച്ചുനിര്‍ത്തുന്നതുമാണ് ട്രോളന്മാരെ ചിന്തിപ്പിച്ചത്. തോക്ക് നിര്‍മ്മിച്ചതും ആക്ഷന്‍ പറഞ്ഞതും അമല്‍ നീരദാണെന്നത് മുതല്‍ കേരള പൊലീസ് തെലുങ്ക് നടന്മാര്‍ക്ക് ഭീഷണിയാണെന്ന് വരെയാണ് കമന്റുകള്‍.

മാസ്‌കും ഹെല്‌മെറ്റും ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനെതിരെ കേരള പൊലീസ് ഇറക്കിയ വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മാസ്‌കോ ഹെല്‍മെറ്റോ ധരിക്കാതെ ഒരു ബൈക്കില്‍ പോകുന്ന മൂന്ന് പേര്‍ പൊലീസിനെ കണ്ടതോടെ തടിതപ്പുന്നതായിരുന്നു വീഡിയോയില്‍. തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു’ എന്ന ക്യാപ്ക്ഷനോടെ പങ്കുവെച്ച വീഡിയോയെയും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ് എന്നിവയുടെ ക്രോഡീകരണത്തിനായാണ് കേരള പൊലീസ് പൊല്‍ ആപ്പ് തുടങ്ങിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീകാന്താണ് പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന് പൊല്‍ ആപ്പെന്ന് പേര്് നിര്‍ദ്ദേശിച്ചത്.

Next Story