Top

‘കേന്ദ്രം 307% നികുതി വര്‍ധിപ്പിച്ചു, പെട്രോള്‍ എക്‌സൈസ് തീരുവയില്‍ സംസ്ഥാനത്തിന് കിട്ടുന്നത് വെറും 4 രൂപ’; സഭയില്‍ മുഖ്യമന്ത്രി

കണക്കുകള്‍ ഇങ്ങനെയെല്ലാമാണെന്നിരിക്കെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടേ എന്ന വിചിത്രവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2 Jun 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കേന്ദ്രം 307%  നികുതി വര്‍ധിപ്പിച്ചു, പെട്രോള്‍ എക്‌സൈസ് തീരുവയില്‍ സംസ്ഥാനത്തിന് കിട്ടുന്നത് വെറും 4 രൂപ’; സഭയില്‍ മുഖ്യമന്ത്രി
X

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ധവിലയിലെ കേന്ദ്രനികുതിയാണ് 307 ശതമാനം വര്‍ധിച്ചതെന്ന് കാണാമെന്ന് നിയമസഭില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുപ്രാകരം പെട്രോളിന്മേലുള്ള 67 രൂപ എക്‌സൈസ് തീരുവയില്‍ വെറും നാല് രൂപമാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നതെന്നും ബാക്കി 63 രൂപയും കേന്ദ്രത്തിനാണ് ലഭിക്കുന്നെതന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായായിരുന്നു സഭയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

2021ല്‍ പെട്രോള്‍ ഡീസല്‍ വില 19 തവണ വര്‍ധിക്കുന്ന സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ അതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് കിട്ടുമെന്ന അവകാശവാദത്തിന് ഇപ്പോള്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്ത സ്ഥിതിയുണ്ടായിരിക്കുന്നു. ക്രൂഡ് ഓയില്‍ വില താഴുന്നതിന് അനുസരിച്ച് എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം. വില താഴാതെ കേന്ദ്രം ഇത്തരത്തില്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യവികസന എക്‌സൈസ് സെസ്, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, റോഡ് പശ്ചാത്തല സൗകര്യവികസന സെസ് എന്നീ ഇനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ഇതില്‍ ബേസിക് സെസ് ഒഴികെയുള്ളവ ഒന്നുംതന്നെ കേന്ദ്രത്തിന് സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ലാത്ത സെസ് ഇനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കണക്കുകള്‍ ഇങ്ങനെയെല്ലാമാണെന്നിരിക്കെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടേ എന്ന വിചിത്രവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധനവില അടിക്കടി ഉയര്‍ത്തുന്നത് ഉപഭോഗത്തിന്റെ ശക്തിപ്പെടുത്തലിനെ തടസപ്പെടുത്തുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story