Top

‘കെ സുരേന്ദ്രന്‍ വഞ്ചിച്ചു, വാക്ക് പാലിച്ചില്ല’; തുറന്നുപറച്ചിലുമായി പിഎം വേലായുധന്‍

സുരേന്ദ്രനെ സഹായിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തഴഞ്ഞുവെന്ന് വേലായുധന്‍ പറഞ്ഞു.

2 Nov 2020 8:44 AM GMT

‘കെ സുരേന്ദ്രന്‍ വഞ്ചിച്ചു, വാക്ക് പാലിച്ചില്ല’; തുറന്നുപറച്ചിലുമായി പിഎം വേലായുധന്‍
X

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാക്കുപാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചെന്നും തുറന്നുപറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പിഎം വേലായുധന്‍. കെ സുരേന്ദ്രന്‍ അധ്യക്ഷനായി എത്തിയാല്‍ തന്നെയും ശ്രീശനേയും ഉപാധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നും വേലായുധന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

കേന്ദ്രകമ്മിറ്റിയില്‍ നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് രണ്ട് പേരെയാണ് നിര്‍ദേശിച്ചത്. സുരേന്ദ്രനെ സഹായിക്കണമെന്ന് തങ്ങളോട് ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തഴഞ്ഞുവെന്ന് വേലായുധന്‍ പറഞ്ഞു. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണോ തന്നെ തഴഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും വേലായുധന്‍ പറഞ്ഞു.

സുരേന്ദ്രന് വേണ്ടി കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പോയ ആളാണ് താനെന്നും സുരേന്ദ്രന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിച്ചിരുന്ന പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവര്‍ത്തകന്‍ വിളിക്കുമ്പോള്‍ എട്ട് മാസമായി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഫോണ്‍ എടുക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നെ ചവുട്ടിയത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. എന്നിട്ടും എന്തുകൊണ്ട് എന്നെ തഴഞ്ഞുവെന്ന ചോദ്യത്തിന് കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപി എന്ന പാര്‍ട്ടി ആരുടേയും തറവാട്ടുസ്വത്തല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള വിയോജിപ്പ് ശോഭ സുരേന്ദ്രന്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി വേലായുധനും രംഗത്തെത്തിയത്. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന് വേലായുധന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കിയിരുന്നു. പുതിയ വെള്ളം വരുമ്പോള്‍ നിന്ന വെള്ളം ഒഴുക്കി കളയുന്ന അവസ്ഥയാണ് ബിജെപിയില്‍ എന്നായിരുന്നു വേലായുധന്റെ ആരോപണം. ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണെന്നും വേലായുധന്‍ പറഞ്ഞിരുന്നു. മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ടതു പാലെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിന് തന്നോടുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു.

Next Story