
കൊവിഡ്കാലത്ത് ലോകത്തിലേറ്റവും ശ്രദ്ധയാര്‍ജിച്ച രാഷ്ട്രീയ നേതാക്കളെ കണ്ടെത്താനുള്ള സര്‍വ്വേയില്‍ 55 ശതമാനം ആളുകളും വോട്ടുചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്. ഒരു അമേരിക്കന്‍ റിസേര്‍ച്ച് സംഘടന സംഘടിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് മോദിയ്ക്ക് പ്രശംസയുള്ളത്. ഒരു ലോകനേതാവെന്ന നിലയില്‍ 75 ശതമാനം ആളുകള്‍ മോദിയെ പിന്തുണയ്ക്കുന്നതായാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 20 ശതമാനം ആളുകളാണ് നരേന്ദ്രമോദിയോട് വിയോജിപ്പറിയിച്ച് വോട്ടുചെയ്തത്.
13 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സര്‍വ്വേ നടന്നത്. ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജെര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, ദക്ഷിണ കൊറിയ, സ്‌പെയ്ന്‍, യുക, യുഎന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് പരിഗണിച്ചത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നെഗറ്റീവ് റേറ്റിംഗാണ് സര്‍വ്വേയില്‍ ലഭിച്ചത്. ബോറിസ് ജോണ്‍സണെ പിന്തുണച്ചവരുടെ എണ്ണം അദ്ദേഹത്തിനെതിരെ വോട്ടുചെയ്ത ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കുറവാണെന്നാണ് സര്‍വ്വേഫലം പറയുന്നത്.
മോദിയ്‌ക്കൊപ്പം ബിജെപിയ്ക്കുള്ള ജനപിന്തുണയും കൊവിഡ് കാലത്ത് വര്‍ധിച്ചുവെന്നാണ് സര്‍വ്വേ പറയുന്നത്. ഇക്കാലയളവില്‍ ബിജെപി നടത്തിവന്ന പ്രചരണങ്ങളെല്ലാം ഉദ്ദേശിച്ച രീതിയില്‍ ഫലം കണ്ടെന്നും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വാധീനം വളരെ കുറഞ്ഞതായും സര്‍വ്വേ പറയുന്നു.