Top

‘ക്രിസ്തീയ സഭകളുടെ പരാതിയില്‍ പ്രധാനമന്ത്രി എന്നോട് വിശദാംശങ്ങള്‍ തേടി’; ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള

ക്രിസ്തീയ സഭകള്‍ നല്‍കിയ പരാതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. സഭകള്‍ നല്‍കിയ മെമ്മറാണ്ടം താന്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറിയെന്ന വാര്‍ത്തകള്‍ ശരിയാണെന്ന് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്‍ വിരുന്നിന് ക്ഷണിച്ചതുപ്രകാരം അരമനയില്‍ പോയിരുന്നു. അവര്‍ ചില വേദനകളും പരാതികളും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ അനീതിയുണ്ടെന്ന കാര്യം, സഭയിലെ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ട് പോയതും ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുന്നത് തുടങ്ങിയ നാല് അഞ്ച് കാര്യങ്ങള്‍ […]

20 Dec 2020 11:30 AM GMT

‘ക്രിസ്തീയ സഭകളുടെ പരാതിയില്‍ പ്രധാനമന്ത്രി എന്നോട് വിശദാംശങ്ങള്‍ തേടി’; ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള
X

ക്രിസ്തീയ സഭകള്‍ നല്‍കിയ പരാതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. സഭകള്‍ നല്‍കിയ മെമ്മറാണ്ടം താന്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറിയെന്ന വാര്‍ത്തകള്‍ ശരിയാണെന്ന് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്‍ വിരുന്നിന് ക്ഷണിച്ചതുപ്രകാരം അരമനയില്‍ പോയിരുന്നു. അവര്‍ ചില വേദനകളും പരാതികളും പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ അനീതിയുണ്ടെന്ന കാര്യം, സഭയിലെ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ട് പോയതും ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുന്നത് തുടങ്ങിയ നാല് അഞ്ച് കാര്യങ്ങള്‍ സഭ ഉന്നയിച്ചു. ഇത് പ്രധാനമന്ത്രിയ്ക്ക് എഴുതി നല്‍കിയപ്പോള്‍ അദ്ദേഹം ഫോണിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് മിസോറാം ഗവര്‍ണറുടെ പ്രതികരണം.

പ്രധാനമന്ത്രി വളരെയധികം സമയം പരാതിക്ക് വേണ്ടി ചെലവഴിച്ചു. നിശ്ചയിക്കപ്പെട്ട തീയതിയില്‍ പ്രധാനമന്ത്രി ഓരോ സഭയുടേയും പരാതികള്‍ നേരിട്ട് കേള്‍ക്കും.

പി എസ് ശ്രീധരന്‍ പിള്ള

ഹിന്ദു വോട്ടുകള്‍ എകീകരിക്കുന്നതുകൊണ്ടു മാത്രം കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവില്‍ ബിജെപി ക്രിസ്തീയ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രിസ്ത്യന്‍ സഭാനേതാക്കള്‍ക്കിടയിലുള്ള അതൃപ്തി രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഭാ മേലധ്യക്ഷന്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിജെപി അവസരമൊരുക്കുകയാണെന്ന് വാര്‍ത്തകളുണ്ടായി. ‘മുസ്ലീം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നു’, ‘ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നു’, ‘കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു’ തുടങ്ങിയ ‘ആശങ്കകള്‍’ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സഭാ നേതാക്കള്‍ മെമ്മോറാണ്ടം നല്‍കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ ആലഞ്ചേരി വെള്ളിയാഴ്ച്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് കത്തോലിക്കാ സഭ ബിജെപിയുമായി സഹകരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. മിസോറാമിലേയും, കേരളത്തിലേയും വിവിധ മതവിഭാഗങ്ങളെക്കുറിച്ച്, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെഴുതിയ ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രെജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിലാണ് ആലഞ്ചേരി പങ്കെടുത്തത്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പുസ്തകം കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

Also Read: ‘ഹിന്ദുക്കള്‍ ഉണര്‍ന്നാലും’ രക്ഷയില്ല; ക്രിസ്തീയ സഭകളെ ഒപ്പം ചേര്‍ക്കാനുറച്ച് ബിജെപി; സഭാ നേതാക്കള്‍ മോഡിയെ കണ്ടേക്കും

ശ്രീധരന്‍ പിള്ള പറഞ്ഞത്

ഞാന്‍ ഒമ്പത് മാസത്തിന് ശേഷം മിസോറാമില്‍ നിന്ന് കേരളത്തില്‍ കാലുകുത്തിയ ദിവസം എന്നെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള ക്രിസ്തീയ വിഭാഗത്തിന്റെ ആള് അദ്ദേഹത്തിന്റെ അരമനയിലേക്ക് വിളിച്ചു. എനിക്ക് ഭക്ഷണം നല്‍കി. ഞാനും അദ്ദേഹവുമായി കുറേ നേരം സംസാരിച്ചു. അതിന് ശേഷം അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു. 22ഓളം പേര്‍ ഉണ്ടായിരുന്നു. ഈ സൗഹാര്‍ദ്ദ വിരുന്നിനിടെ അവര്‍ തങ്ങളുടെ വിഷമതകളും പ്രതിഷേധങ്ങളും പ്രകടിപ്പിച്ചു. ഇതൊന്നും കേരളത്തില്‍ ശബ്ദിക്കാന്‍ ആരുമില്ല കുറ്റകരമായ ഒരു മൗനം പാലിക്കുകയാണ് എന്ന് പറഞ്ഞു. പഴയ ബന്ധം വെച്ചാകാം നിങ്ങളേ പോലെയുള്ളവരെയാണ് വിശ്വാസമെന്ന് പറഞ്ഞു. ഞാന്‍ അതില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ‘സ്‌കോളര്‍ഷിപ്പ് 80 ശതമാനം ഒരു പ്രത്യേക സമുദായത്തിന് കൊടുക്കുന്നു. 20 ശതമാനമേ ഞങ്ങള്‍ക്ക് കിട്ടുന്നുള്ളൂ. ഇവിടുത്തെ ഫണ്ട് വിനിയോഗം ഇങ്ങനെയാണ്. ആറ്-ഏഴ് വര്‍ഷമായി രണ്ട് രാഷ്ട്രീയസംവിധാനങ്ങളും ഇത് പറയുന്നില്ല’ ഞാന് അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് പറഞ്ഞു. അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നാല്-അഞ്ച് പോയിന്റുണ്ട്. അത് ഞാനെഴുതി പ്രധാനമന്ത്രിയ്ക്ക് കൊടുത്തു. അതിന്റെ വിശദാംശങ്ങള്‍ എന്താണെന്ന് പ്രധാനമന്ത്രി തന്നെ എന്നോട് ഫോണില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ഒരു സഭാ പ്രതിനിധി അവരുടെ മൂന്ന്-നാല് പ്രശ്‌നങ്ങള്‍ ചാനലില്‍ പറയുന്നതുകേട്ടു. ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്ത ഫണ്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ വലിയ അനീതി നടക്കുന്നു. 40 ശതമാനം ലഭിക്കേണ്ട സമുദായത്തിന് 20 ശതമാനമേ കിട്ടുന്നുള്ളൂ. അതൊരു അനീതിയായിട്ട് എനിക്കും തോന്നി. അതുപോലെ തന്നെ അവരുടെ കുട്ടികളെ കൊണ്ടുപോകുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ടുള്ള തരത്തില്‍ പോയതിലുള്ള വേദന പങ്കുവെച്ചു. ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം, ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുകയാണ്. ഫ്രാന്‍സിലേയും ശ്രീലങ്കയിലേയും സംഭവങ്ങള്‍, ഇതൊന്നും കേരളത്തിലാരും ചര്‍ച്ച ചെയ്യുന്നില്ല. പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തില്‍ ഇടപെടണം’ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ഒരു സഭയല്ല, ഒന്നിലധികം സഭകള്‍ പിന്നീട് എനിക്ക് എഴുതി തന്നത് ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ കൊടുത്തു. അത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ് അത് പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കണം എന്നല്ലാതെ അതിനപ്പുറത്ത് ഒരു ഉദ്ദേശവുമില്ല. ഞാന്‍ ഗവര്‍ണറുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല.

ബിജെപിയ്ക്ക് ക്രിസ്ത്യന്‍ വോട്ട് ലഭിക്കാന്‍ ഞാന്‍ മധ്യസ്ഥനാകുന്നില്ല. മിസോറാമിലെ ആയാലും കേരളത്തിലെയായാലും ഏതൊരു സാധാരണക്കാരനും എന്നെ ഫോണില്‍ വിളിക്കാം. പരാതികള്‍ പറയാം. മിസാറാം ഗവര്‍ണര്‍ ഓഫീസ് വഴി 137 പേരെ കൊവിഡ് കാലത്ത് നാട്ടിലെത്തിക്കാന്‍ സാധിച്ചു. ബന്ധപ്പെട്ട മന്ത്രിയുടെ ബന്ധുക്കളെ കൊണ്ടുവരാനും ഇടപെട്ടു. കേരള സര്‍ക്കാര്‍ ഔപചാരികമായി നന്ദി രേഖപ്പെടുത്തി കത്ത് തന്നു. ആ മന്ത്രിയെ ഇത് പറഞ്ഞിട്ട് എല്ലാവരും വേട്ടയാടുന്ന സമയത്ത് ഞാനൊരിക്കലും അത്തരം കാര്യങ്ങള്‍ പുറംലോകത്തോട് പറഞ്ഞിട്ടില്ല.

പ്രധാനമന്ത്രി വളരെയധികം സമയം പരാതിക്ക് വേണ്ടി ചെലവഴിച്ചു. ഇങ്ങനെ അനീതി നടക്കുമ്പോള്‍ ഇടപെടാന്‍ ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് അധികാരമുണ്ട്. അത് രാഷ്ട്രീയപ്രവര്‍ത്തനമല്ല. ഈ വിഷയത്തെ കൃത്യമായി ഞാന്‍ പിന്തുടരുന്നുണ്ട്. രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനായല്ല ഇടപെടുന്നത്. പക്ഷെ, അദ്ദേഹത്തെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ രണ്ടുകൂട്ടര്‍ക്കും അവസരം ലഭിക്കും.

തീയതി എനിക്കറിയാം പക്ഷെ, പറയുന്നില്ല. ആ ദിവസത്തിനുള്ളില്‍ കേരളത്തില്‍ വിഷമത അനുഭവിക്കുന്ന ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് അവരുടെ സഭയുടെ അടിസ്ഥാനത്തില്‍, ഓരോരുത്തരും ഓരോ ഘട്ടത്തില്‍ പ്രധാനമന്ത്രിയെ കണ്ട് വേദന പറയും. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഫോര്‍മുല പറയാനുള്ള അവസരം ലഭിക്കുമെന്ന കാര്യം എനിക്ക് ഉറപ്പിച്ച് പറയാനാകും. അതിന് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. അതിനപ്പുറം രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എന്റെ പുസ്തക പ്രകാശനസമയത്തുണ്ടായിരുന്ന സഭാ മേലധ്യക്ഷന്‍ അല്ലാതെ മറ്റൊരു സഭയുടെ ആള്‍ എന്നെ വന്നുകണ്ടു. ഇവരുടെയെല്ലാം മെമ്മറാണ്ടങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് മനസിലായ ഒരു കാര്യം ഇതാണ്. ആ അനീതിയേക്കുറിച്ച് പറയാന്‍ ആരുമില്ലാത്ത അവസ്ഥ കേരളത്തിലുണ്ടായി. കുറ്റകരമായ മൗനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചത്. എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന് അറിയില്ല. എന്റെ ഇടപെടല്‍ രാഷ്ട്രീയപരമല്ല.

Next Story