Top

പുനസംഘടനയിലൂടെ മുഖം മിനുങ്ങിയോ?; മോദി മന്ത്രിസഭയില്‍ 42 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍, 70 പേര്‍ കോടീശ്വരന്മാര്‍; റിപ്പോര്‍ട്ട്

രാജീവ് ചന്ദ്രശേഖരന്റെ പേരില്‍ 64 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നും പീയുഷ് ഗോയലിന് 95 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്

10 July 2021 8:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുനസംഘടനയിലൂടെ മുഖം മിനുങ്ങിയോ?; മോദി മന്ത്രിസഭയില്‍ 42 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍, 70 പേര്‍ കോടീശ്വരന്മാര്‍; റിപ്പോര്‍ട്ട്
X

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി മുഖം മിനുക്കുന്നതിനായി പദ്ധതിചെയ്ത് നടപ്പിലാക്കിയ മന്ത്രിസഭാ പുനസംഘടന പൂര്‍ണ്ണ പരാജയമാണെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നു. പുനസംഘടന ഫലപ്രദമായില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് തൊട്ടുപിന്നാലെ മന്ത്രിസഭയില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന റിപ്പോര്‍ട്ടും പുറത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 78 മന്ത്രിമാരുള്ള മന്ത്രിസഭയിലെ 33 മന്ത്രിമാരും ക്രമിനല്‍ കേസുകളില്‍ പ്രതികളായിരുന്നുവെന്ന് എഡിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരെ കൊലപാതകമടക്കം 11 കേസുകള്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

നിലവില്‍ മന്ത്രിസഭയിലുള്ള 78 പേരില്‍ 70 പേരും കോടീശ്വരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ജോതിരാദിത്യ സിന്ധ്യയ്ക്ക് 379 കോടി രൂപയുടെ സ്വത്തുണ്ട്. 90% ശതമാനത്തോളം പേരും കോടീശ്വരന്മാരാണ്. രാജീവ് ചന്ദ്രശേഖരന്റെ പേരില്‍ 64 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നും പീയുഷ് ഗോയലിന് 95 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നാല് മന്ത്രിമാര്‍ക്കാണ് 50 കോടിയിലധികം രൂപയുടെ സ്വത്തുക്കളുള്ളതെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിസഭയിലെ ക്രിമിനല്‍ കേസിലുള്‍പ്പട്ടവരുടെ ശതമാനക്കണക്ക് പുനസംഘടയ്ക്ക് ശേഷം മൂന്ന് പോയിന്റ് കൂടി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

തെരഞ്ഞെടുപ്പില്‍ വിലങ്ങുതടിയാവാതിരിക്കാനാണ് മന്ത്രിസഭ അഴിച്ചു പണിതത്. ഈ സാഹചര്യത്തില്‍ വിവാദങ്ങളില്‍ നിന്നും പുതിയ മന്ത്രിമാരെ അകറ്റി നിര്‍ത്താനാണ് ബിജെപി ശ്രമം. പുതിയ 15 കാബിനറ്റ് മന്ത്രിമാരെയും 28 സഹമന്ത്രിമാരെയും ഉള്‍പ്പെടുത്തിയാണ് കേന്ദ്ര മന്ത്രി സഭ പുനസംഘടിപ്പിച്ചത്.

പഴയ ക്യാബിനറ്റില്‍ നിന്നും 14 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാറിനിന്നും പുറത്തേക്ക് പോയത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് ആദ്യം രാജിവച്ചത്. പിന്നീട് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി.

Next Story