‘ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിനെത്തും, കൊറോണ മുന്നണിപ്പോരാളികള്‍ക്ക് ആദ്യം നല്‍കും’; സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി
വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാരുകളുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്നും ഇതിന് വേണ്ടിവരുന്ന തുകയെക്കുറിച്ച് സംസ്ഥാനസര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും മോദി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 8 വ്യത്യസ്ത വാക്‌സിനുകളാണ് അവസാനഘട്ടത്തിലെത്തിനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും പരമാവധി വേഗത്തില്‍ വാക്‌സിനെത്തിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനും വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി ചര്‍ച്ചചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 12 പ്രമുഖ നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വന്‍തോതില്‍ വാക്‌സിന്‍ ലഭ്യമാക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് നരേന്ദ്രമോദി വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാരുകളുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്നും ഇതിന് വേണ്ടിവരുന്ന തുകയെക്കുറിച്ച് സംസ്ഥാനസര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും മോദി പറഞ്ഞു. വാക്‌സിനുകളെ സംബന്ധിച്ച് കിംവദന്തി പരത്താനുള്ള സമയമല്ല ഇതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ദേശത്തിന്റെ താല്‍പ്പര്യത്തിനാണ് ഈ ഘട്ടത്തില്‍ ഓരോരുത്തരും പരമപ്രാധാന്യം നല്‍കേണ്ടതെന്ന് സൂചിപ്പിച്ചു.